Tuesday, June 24, 2014

പ്രവാസം..

"നിദ്രയുപേക്ഷിച്ചു പോയ 
കിടക്കയിലിരുന്നു ഞാൻ
നിന്‍റെ ഓർമ്മകൾ
അയവിറക്കുകയാണ്.
ഇവിടെ എനിക്ക് കൂട്ടായി
എ.സി. യുടെ മുരളിച്ചയും
ബെഡ് റൂം ലാമ്പിന്‍റെ
മങ്ങിയ വെളിച്ചവും മാത്രം.
രാവ് നിശബ്ദമാണ്,
വല്ലപ്പോഴും പാഞ്ഞു പോകുന്ന
വണ്ടികളുടെ ശബ്ദമൊഴിച്ചു.
ഉയരത്തില്‍ കെട്ടി വെച്ചിട്ടുള്ള
വാച്ച് ഹൌസിൽ നിന്നുള്ള
നേരിയ പ്രകാശം,
ജാലക വിടവിലൂടെ 
അരിച്ചിറങ്ങുന്നു.
ബസ്രയിലിരുന്നാലും 
മനസ്സ് സഞ്ചരിക്കുന്നത് 
മൈലുകള്‍ക്കകലെയാണ്.
വെടിയൊച്ചകളും, മൈനുകളും 
ആലോസരപ്പെടുത്താതെ
അലോസരപ്പെടുത്തുന്ന
മറ്റൊരു ലോകത്തിലൂടെ...
അവിടെ പൊട്ടുന്നത് 
ബോംബുകളും, ഷെല്ലുകളുമല്ല,
മറിച്ചു മനസ്സിന്‍റെ  
കടിഞ്ഞാണ്‍ ആണ്.
വിശ്വാസ്യതയുടെ 
അടിവേരുകളാണ് 
കട പുഴകുന്നത്.
ഇത്, കാലത്തിന്‍റെ 
നിസ്സംഗതയാവാം...
അതുമല്ലെങ്കില്‍
ഒരു പ്രവാസിയുടെ
നിസ്സഹായതയുമാവാം..."

Saturday, June 21, 2014

മരണം

“അകലെ നീയുണ്ട്.
നിന്‍റെ ഓര്‍മ്മകള്‍, ഇവിടെ
എന്‍റെ അരികിലും...
മൌനമാണ്
സ്നേഹത്തിനു അടിസ്ഥാനം
എന്ന് നീയാണെന്നെ
പഠിപ്പിച്ചത്.
മൌനമായിട്ടായിരുന്നു
ഞാന്‍ നിന്നെ പ്രണയിച്ചതും.
അത് നിന്‍റെ
നിര്‍ബന്ധമായിരുന്നു.
നിന്‍റെ മടിയില്‍
തല പൂഴ്ത്തി കിടക്കുമ്പോഴും,
തോളില്‍ തല
ചായ്ചിരിക്കുംപോഴും
മൌനത്തിനു മറ്റെന്തൊക്കെയോ
അര്‍ത്ഥ തലങ്ങള്‍ കൂടി ഉണ്ടെന്നു
ഞാനറിഞ്ഞു.
അല്ല,
നീയെന്നെ പഠിപ്പിച്ചു.
എന്‍റെ വിരലുകളില്‍
കവിതകള്‍ വിരിയുന്നതും....
നീയെന്ന വിസ്മൃതിയില്‍
അവ അലിഞ്ഞു പോകുന്നതും
ഞാനറിഞ്ഞു.
എല്ലാം അറിയുമ്പോഴും
ഒന്നുമറിയില്ലെന്ന്
ഞാന്‍ നടിച്ചു.
എങ്കിലും, ഇന്ന്
ഞാനറിയുന്നു...
നിന്‍റെ മൌനത്തിനു
മരണത്തിന്‍റെ
വകഭേദങ്ങള്‍ കൂടെ
ഉണ്ടായിരുന്നെന്ന്....”



ഒരു യാത്രാമൊഴി.

"മരണത്തിന്‍റെ 
മറുകര തേടി
ഞാൻ നടന്നു...
ആത്മാവിലേക്ക് 
ഇനിയെത്ര ദൂരം...!
അന്തമില്ലാത്ത 
സ്വപ്നങ്ങളുമായി 
അലയാൻ തുടങ്ങിയിട്ട്
കാലമേറെയായി...
വ്യര്‍ഥമായ
മോഹങ്ങളെല്ലാം
ഇനി കാറ്റിൽ
പറത്തിക്കളയാം...
മുഖം മൂടികൾ 
പിച്ചി ചീന്തി
ആര്‍ത്തട്ടഹസിച്ചു
ഈ നാടകത്തിനു
തിരശ്ശീലയിടാം...
നഗരങ്ങള്‍ ചുട്ടു
ചാമ്പലാകുമ്പോഴും,
എണ്ണപ്പാടങ്ങൾ
കത്തി എരിയുമ്പോഴും,
എരിയാതെ എരിയുന്ന 
മനസ്സുമായി നമുക്ക്
തിരികെ നടക്കാം...
ജീവിതത്തിനും.
മരണത്തിനുമിടയിലെ
നൂല്‍പാലങ്ങളില്‍
കാലിടറാതെ...."

Friday, June 20, 2014

യാത്ര...

മൌനമായി ഞാന്‍
നടക്കുകയാണ്.
നീയുപേക്ഷിച്ചുപോയ വഴികളില്‍ 
ഏകനാണെങ്കിലും
എനിക്കു ദുഖമില്ല.
കാരണം, സ്വാതന്ത്ര്യത്തിന്‍റെ
ചിറകുകള്‍ അരിഞ്ഞിടാന്‍
എനിക്കാവതില്ല.
എന്‍റെ ബാല്യ കൌമാര-
സ്വപ്നങ്ങളില്‍ നിറം ചാര്‍ത്തി
നീ കൂടെ ഉണ്ടായിരുന്നപ്പോഴും,
പാതി വഴിയില്‍ നീ
ഉപേക്ഷിക്കുംപോഴും...
തളരാതെ ഞാന്‍ നടന്നത്
മറുകര താണ്ടാനാണ്...
അതെ,
അവശേഷിക്കുന്ന പാതി ദൂരം...!!

Tuesday, June 17, 2014

മയിൽ‌പ്പീലി

"മയിൽ‌പ്പീലി തുണ്ടുകളിൽ 
ഒളിപ്പിച്ചു വെച്ച സ്നേഹം 
ഇന്നെന്‍റെ പുസ്തകത്താളുകളിൽ നിന്നും
പെറ്റു പെരുകി ഒരു മഹാ-
സാഗരമായി ഒഴുകി നടക്കുന്നു."