Saturday, July 26, 2014

നിനക്ക്....

നിനക്ക്,
പുറത്ത് മഴയുടെ നേര്‍ത്ത തേങ്ങല്‍ കേള്‍ക്കാം, പെയ്തൊഴിയാത്ത മാനം പോലെ മൂടിക്കെട്ടിയ മനസ്സുമായി ഞാന്‍ ഇരുന്നു. എന്തുകൊണ്ടോ ഞാന്‍ കഴിഞ്ഞ ആ കാലത്തെ കുറിച്ച് ചിന്തിച്ചു പോകുന്നു.എത്ര പെട്ടന്നാണ് നാലു വര്‍ഷങ്ങള്‍ കടന്നു പോയത്.
എനിക്കിത് നഷ്ടപ്പെടും, ഒരിക്കല്‍. 
കാറ്റാടിയും, കടലാസ് പൂക്കളും, വാകമര ചുവടും.... ഒന്നുമില്ലെങ്കിലും ആ കോണ്‍ക്രീറ്റ് കെട്ടിടം, ഓര്‍മ്മയിലിന്നും മങ്ങാതെ നിലനില്‍ക്കുന്നു... അതിനടുത്തെ ആ മാവും, പുളിമരവും... ഒന്നും മറക്കുവാന്‍ ആകുന്നില്ലാ....
മരണത്തെ വെല്ലുന്ന ധൈര്യവും, സൌഹൃദം തുളുമ്പുന്ന ചിരിയുമായി കടന്നു പോയ പ്രിയപ്പെട്ട കൂട്ടുകാരീ.... നിനക്കവിടെ സുഖം തന്നെയോ...?
നിന്‍റെ ഓര്‍മ്മകള്‍ ഉറഞ്ഞു കൂടിയ നഷ്ട സ്വപ്നമായി ഒരു മഴക്കാലം കൂടി എന്നെ കടന്നു പോകുകയാണ്.... എന്നിട്ടും നിന്‍റെ നിറഞ്ഞു ചിരിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നനുത്ത ചിരി സമര്‍പ്പിക്കുമ്പോള്‍ അതിലുറയുന്ന ഓര്‍മ്മകള്‍....
ഞാന്‍ ആദ്യമായി നിന്നെ അറിയുന്നതും ഒരു മഴക്കാലത്തിലാണ്. എന്‍റെ സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരത്തില്‍ നിന്‍റെ ഹൃദയ സ്പന്ദനം ഞാന്‍ കേള്‍ക്കുകയാണ്, എന്‍റെ മുറിയിലെ നേര്‍ത്ത ഇരുട്ടില്‍ ഒരു പ്രകാശ നാളമായി.

സ്വപ്‌നങ്ങള്‍ ചിറകു മുളക്കുന്ന, മോഹങ്ങള്‍ കിന്നാരം ചൊല്ലുന്ന എന്‍റെ സങ്കല്‍പ്പത്തിലെ കൊച്ചു കിനാവേ... ഓര്‍ക്കാനോ മറക്കാനോ ഒന്നുമില്ലാത്ത എന്‍റെ മനസ്സിന് നീ നല്കിയതെത്രയോ വലുതാണ്‌. കാന്‍വാസിലെ ഒരിക്കലും വറ്റി തീരാത്ത ചായകൂട്ടുകള്മായി നീയെന്നില്‍ ഉള്ളിടത്തോളം എനിക്ക് മറ്റൊന്നും വേണ്ടാ......... 
നിറയുന്ന, പറയാനാകാത്ത എന്‍റെ സ്നേഹത്തിന്‍റെ ഇളം നിശ്വാസങ്ങളിലൂടെ നിനക്ക് ഒരായിരം മംഗളങ്ങള്‍ ആശംസിക്കുന്നു....

നിന്‍റെ സ്വന്തം.....

Saturday, July 19, 2014

അതിജീവനം.

"അതിജീവനം, 
ഒരു ചോദ്യ ചിഹ്നമായ് 
മുന്നിലുണ്ട്...
പ്രതിസന്ധികള്‍ പലവിധം.
ചിലര്‍ കരകയറുന്നു...
ചിലര്‍ പരാജിതരാകുന്നു...
വീണ്ടും ശ്രമിക്കുന്നു ചിലര്‍...
ചിലരാകട്ടെ, 
നിരാശയുടെ പടുകുഴിയിലേക്ക്
കൂപ്പു കുത്തുന്നു.
ചിലര്‍, 
ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ഫിനിക്സ് പക്ഷിയെപോലെ
പറന്നു പോകുന്നു...
അതെ, ജീവിതം ദുഖിക്കാനുള്ളതാണോ...?
അല്ല... ഒരിക്കലുമല്ല...
ചിരിക്കൂ.... സന്തോഷിക്കൂ....

Saturday, July 12, 2014

പ്രണയം

"ഋതു ഭേദങ്ങളില്‍ 
പൂവായ് വിരിയുന്നതും,
മഴയായ് പൊഴിയുന്നതും,
മഞ്ഞായ്‌ പെയ്യുന്നതും
നിന്‍റെ പ്രണയം...
പിന്നെ, 
ഇലയായ് കൊഴിയുന്നതും...!!"

Friday, July 11, 2014

30 വെള്ളിക്കാശു.

“യൂദാസ്...
മുപ്പതു വെള്ളിക്കാശു
ഞാന്‍ തന്നിരുന്നെങ്കില്‍,
നീയെന്‍റെയേശുവിനെ
ഒറ്റുകില്ലായിരുന്നു...
പണത്തോടുള്ള ആര്‍ത്തി,
നിനക്കതു തരുന്നതില്‍ നിന്നും
എന്നെ വിലക്കി....
യൂദാസ്,
നീയൊരു പാപവും ചെയ്തിട്ടില്ല.
ഞാനാണ് യഥാര്‍ത്ഥ പാപി.
ചതിയുടെ,  വഞ്ചനയുടെ,
മരണത്തിന്‍റെ
വിത്ത് വിതച്ച പാപി...
ഇവിടെ ഇപ്പോള്‍
ഷെല്ലുകളും, ബോംബുകളും
മഴയായ് വര്‍ഷിക്കുന്നു....
കെട്ടിടങ്ങള്‍ പൊട്ടിത്തെറിക്കുന്നു,
മാംസകഷണങ്ങള്‍ ചിതറി വീഴുന്നു,
കൂട്ട നിലവിളികള്‍
കാതുകളില്‍ അലയടിക്കുന്നു...
യൂദാസ്,
എനിക്കിത് താങ്ങാനാവുന്നില്ല.
ദൈവപുത്രന്‍,
നന്മയുടെയും, സാഹോദര്യത്തിന്‍റെയും
സന്ദേശ വാഹകന്‍....
ഞാന്‍ കാരണം നീയവനെ
കുരിശില്‍ തറപ്പിച്ചു...
ഇതാ, ഇപ്പോള്‍ വീണ്ടും...
സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതിനുവേണ്ടി,
ഒരു വിശുദ്ധരാജ്യം
കെട്ടിപ്പടുക്കുന്നതിന് വേണ്ടി,
കൊല്ലും കൊലയും...
എന്തിനു യൂദാസ് ഇനിയും....?
ഗാസയും, പലസ്തീനും, ഇസ്രയേലും,
എല്ലാം വിശുദ്ധ നഗരങ്ങള്‍ തന്നെ,
ദൈവത്തിന്‍റെ സ്വന്തം.
ഇനിയെങ്കിലും ഈ ചൂതാട്ടം
ഒന്നവസാനിപ്പിക്കുക...
ജീവിക്കാനുള്ള അവകാശങ്ങളെ
ഇല്ലായ്മ ചെയ്യാതിരിക്കുക...
മാപ്പ് സോദരെ,
ഞാന്‍ ചെയ്ത പാപത്തിനു മാപ്പ്...”

Thursday, July 3, 2014

വികാരം...

"രാവിന്‍റെ നിശ്ശബ്ദദയിലാണ് 
കാമാഗ്നി ആളി പടരുന്നത്‌..!
തണുപ്പിന്‍റെ കരിമ്പടം കണക്കെ
അവ രോമ കൂപങ്ങളില്‍
ആഴ്ന്നിറങ്ങുന്നു...
കാമത്തിന്‍റെ ലഹരി
സിരകളെ ഭ്രാന്തു പിടിപ്പിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടു
വസ്ത്രങ്ങള്‍ ഓരോന്നായി
ചീന്തി എറിയുന്നു...
പരിസരബോധം നഷ്ടപ്പെട്ട്
വിജ്രുംഭിച്ചു നില്‍ക്കുന്ന വികാരം
അതിന്‍റെ ഇരയുടെ മേല്‍
ആഞ്ഞു പതിക്കുന്നു.
പേടിച്ചരണ്ട ആ മാന്‍ പേടയുടെ  
രോദനം അലിഞ്ഞലിഞ്ഞില്ലാതാകുന്നു.
തുറിച്ച കണ്ണുകളും, 
വാടിത്തളര്‍ന്ന ശരീരവും
മാത്രം അവശേഷിക്കുന്നു...!
വികാരം, വിവേകത്തിനു മേല്‍
അധീശത്വം സ്ഥാപിച്ച 
ഒരഭിശപ്ത നിമിഷം....
തലയ്ക്കു കയ്യും കൊടുത്തു
കാമം തളര്‍ന്നിരിക്കുന്നു.....

ഓര്‍മ്മകള്‍...

"ഓര്‍മ്മകള്‍, 
കടലിരമ്പം പോലെ വന്നു
ഒരു ചെറിയ തിരയില്‍
ഒടുങ്ങുന്നു.
ഓണപ്പൂ പറിക്കാന്‍ 
ഓടി നടന്നിരുന്ന ബാല്യം...
ഓണസദ്യയുടെ രുചിയുമായി
അമ്മയും പെങ്ങന്മാരും...
നാവില്‍ വെള്ളമൂറുന്ന,
കൊതിയൂറുന്ന ഓര്‍മ്മകള്‍...
കൌമാരത്തിലെ പ്രണയം,
ചുടു ചുംപനതിന്‍റെ നിര്‍വൃതി,
പ്രണയിനിയുടെ കാതിലെ കിന്നാരം...
ഓര്‍മ്മകള്‍ക്ക് എന്നും വസന്ത കാലം...
യൌവനതയുടെ ചൂടും ഉശിരും
ഇവിടെ മണല്‍ക്കാട്ടില്‍ 
അടിയറവു വെക്കുന്നു.
അതെ,
പ്രവാസിയുടെ ഓര്‍മ്മകള്‍ക്ക് എന്നും
ഗൃഹാതുരതയുടെ ബാല്യം.... 
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും....
എല്ലാം വന്നു പോകുമ്പോഴും
പ്രവാസിയുടെ മനസ്സിലെ 
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍ മാത്രം...
മറ്റൊരു ഓണക്കാലത്തിന്‍റെ
കാത്തിരിപ്പുമായി.....

Wednesday, July 2, 2014

ഓര്‍മ്മകള്‍

തിരകള്‍, തീരത്തിന്‍റെ ബാഹുല്ല്യത്തില്‍ 
അലിഞ്ഞില്ലാതാകുന്നു....
ഓര്‍മ്മകള്‍, യാഥാര്‍ത്യള്‍ക്ക് 

മുന്നിലും...

ഓര്‍മ്മ

"ഓര്‍മ്മകള്‍.... 
കടലിരമ്പം പോലെ വന്നു
ഒരു ചെറിയ തിരയില്‍
ഇല്ലാതാകുന്നു."

സ്വപ്നം

"കരയും, ആകാശവും 
കൈ കോര്‍ത്ത്‌ കിടക്കുന്നു.... 
അങ്ങു, അനന്തതയില്‍ ....
എന്‍റെ സ്വപ്നങ്ങളെപ്പോലെ...."