Friday, October 26, 2018

രാസമാറ്റം - കവിത പരിചയം

ബിന്ദു ടിജി യുടെ 'ബാഷോ ബുക്സ്' പുറത്തിറക്കിയ കവിതാ സമാഹാരം 'രാസമാറ്റം' അവിചാരിതമായി വായിക്കാനിടയായി.
ഒരു തുടക്കക്കാരിയുടെ അപരിചിതത്വമൊന്നുമില്ലാതെ തന്നെ വായനക്കാരെ ആസ്വദിപ്പിക്കാന്‍ പോന്നതെല്ലാം കവിതയില്‍ ധാരാളമുണ്ട്....

കവിതകള്‍ പലപ്പോഴും നമ്മുടെ തന്നെ നേരനുഭവങ്ങളാകും...
ആകുലതകളും, വിഹ്വലതകളും, പ്രതികരണങ്ങളുമെല്ലാം ഏറ്റവുമെളുപ്പത്തില്‍ ബിംബങ്ങളിലൂടെ വരച്ചിടാനുതകുന്ന ഒരു മീഡിയമാണല്ലോ കവിത.....

'രാസമാറ്റം' എന്ന ഈ സമാഹാരത്തിലെ ചില കവിതകള്‍ അതി തീക്ഷ്ണങ്ങളാണ്.....
ആദ്യ കവിത തന്നെ അത്തരത്തില്‍ ഒന്നാണ്.
വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായത ഒരു പെണ്‍കിളിയുടെ രൂപത്തില്‍ ചില്ല തോറും അഭയം തേടി പറന്നു നടക്കുകയാണ്....
അവകാശങ്ങള്‍ അടര്‍ത്തിമാറ്റാനായി വെമ്പല്‍ കൊണ്ട് ചുറ്റുമുള്ളവരെല്ലാം കൂടിയിരിക്കുമ്പോള്‍ ഉടല്‍ ഉമ്മറത്തിണ്ണയിലേക്ക്  മടങ്ങിപ്പോവുകയാണ്‌.... ജീവന്‍ എവിടെയോ ഉപേക്ഷിച്ചു...!

പ്രവാസത്തിനോടുള്ള പ്രണയവും കവി "യാത്ര" എന്ന തന്‍റെ കവിതയില്‍ തിരിച്ചറിയുന്നു.
" എനിക്കിനി ആസക്തി
മരുഭൂമികളോടാണ്.
അവിടെ വെച്ചാണ്
എന്‍റെ വേരുകള്‍ കാതങ്ങളോളം
ജലരാശി തേടി വേദനയോടെ
മണ്ണിന്‍റെ സിരകളിലേക്കിറങ്ങിയതും,
പൊതിഞ്ഞുകാക്കാന്‍ ഈറന്‍ മണ്ണില്ലെങ്കിലും
മുളച്ചു പൊന്തുമെന്നു ഞാനറിഞ്ഞതും."
മരുഭൂമിയിലെ ഒരു പ്രവാസിയുടെ ചിന്തകളെ എത്രമേല്‍ തീവ്രതയോടെയാണ് കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ കവിയും ഒരു പ്രവാസി ആയതിനാലാകാം അതു.


കവിതകളില്‍ പ്രണയമുണ്ട്.... വിരഹവും, പ്രവാസവുമുണ്ട്.... ചുറ്റുപാടുകളുടെ ജീവിതമുണ്ട്.... വേദനകളുണ്ട്.... എന്തിനു ചിലപ്പോള്‍ കവി തന്നെ നേരിട്ട് വന്നു നമ്മോടു ചില കാര്യങ്ങള്‍ പറയുന്നുമുണ്ട്....
ഇതുപോലെ....
"നീ വായിക്കുന്നതിനു മുന്‍പ്
പല ഭാഷകളിലേക്ക് തര്‍ജ്ജമ
ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഞാന്‍..."

കവികള്‍ക്കെല്ലാം  പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍.... ഡിസംബറിനെക്കുറിച്ച് രണ്ടു വരി എങ്കിലും എഴുതാത്ത കവികള്‍ ഉണ്ടാകില്ല.... മഞ്ഞ് പൊഴിയുന്നതും.... പ്രണയം പൂക്കുന്നതും ഡിസംബറില്‍ തന്നെ.. ഇവിടെയും അങ്ങനെ തന്നെ....
"പ്രിയ ഡിസംബര്‍,
നിറം പഴുത്തു വീഴുന്ന നേരത്തും
മടിക്കാതെ നീയെന്‍റെ നെഞ്ചിലിങ്ങനെ
കുളിര്‍ ചേര്‍ത്തു വെക്കുന്നുവല്ലോ...!" എന്ന് ആശ്ചര്യപ്പെടുകയാണ് കവയിത്രി...

പെണ്ണെഴുത്തിനെ, പെണ്ണുങ്ങളോടുള്ള കാഴ്ചപ്പാടിനെ പച്ചയായി "ഒരാണ്‍ വായന" എന്ന കവിതയില്‍ കവി വിവരിക്കുന്നു....
'നിമ്നോന്നതങ്ങള്‍
നിറഞ്ഞ നിന്‍റെ
എഴുത്തിനെ,
എന്‍റെ വായനകള്‍ കൊണ്ട് ഞാന്‍
ആലിംഗനം ചെയ്യും..."
ആണിന്‍റെ കണ്ണില്‍ ഒരു പെണ്ണ് എന്നും എന്തായിരിക്കുമെന്ന കവി ഭാവന...

ദു:ഖവും കവിതകളാകുന്നു ചിലയിടത്ത്.... അതിന്‍റെ ചില്ലകളിലും പ്രാണന്‍ പൂവിടുന്നുണ്ട്.....

കാല്‍പ്പനിക കവിതകളിലൂടെ മുന്നോട്ടു പോകുന്നു എന്ന് പറഞ്ഞു സര്‍ കവിയെ സമകാലിക സംഭവങ്ങളിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നു...
അതാണ് തന്‍റെ "ഇറങ്ങിപ്പോകുന്ന വാക്കുകള്‍" എന്നാ കവിതയില്‍ കവി പറയുന്നത്.
"അച്ഛന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു.
പഴയതെല്ലാം മാറ്റി പുതിയതാക്കി.
നിലവിളക്ക്, ഓട്ടുരുളി...
പിന്നെ ഉച്ചത്തില്‍ ഒന്നലറി...
ഇവളോ....
പുതിയ വീട്ടില്‍ എനിക്ക് പുതിയ അമ്മ.
സാറ് കയ്യടിച്ചു...
ഇത് കാലത്തിനെ അതിജീവിക്കും...
സ്കൂളില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍
എന്‍റെ ഉള്ളിലൊരു ഭയം....
ഇനി അച്ഛനെങ്ങാനും അമ്മയെ.... !" കവിത കവിയെ തന്നെ ആകുലപ്പെടുത്തുന്നു അവസാനം...

വിരഹം വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്‌ "ജാലകത്തിനറിയാം" എന്ന കവിതയില്‍...
"...ഒടുവില്‍ നീ പോകുമ്പോള്‍,
വിരഹത്തെ വിരലുകൊണ്ട്
വരച്ചു തീര്‍ത്തു
എന്‍റെ നിശ്വാസം കൊണ്ട്
ഇരുട്ട് തീര്‍ക്കാന്‍..." വീര്‍പ്പുമുട്ടുകയാണ് കവി ഇവിടെ....

മരണത്തിനു മുന്‍പ് തള്ളിപ്പറഞ്ഞവര്‍ പോലും, മരണത്തിനു ശേഷം തന്‍റെ അപദാനങ്ങള്‍ പാടി നടക്കേണ്ടതില്ലെന്നും കവി നിര്‍ദേശിക്കുന്നുണ്ട്  "കവിയും ദൈവവും" എന്ന കവിതയില്‍....
"മരണത്നിനു ശേഷം
അവന്‍റെ കല്ലറയിലേക്ക്
ജന പ്രവാഹമായിരുന്നു...
...........................
അവന്‍റെ മരണ മൊഴി
അവിടെ രേഖപ്പെടുത്തിയിരുന്നു.
-എന്നെ ഇവിടെ തിരയണ്ട,
മരണത്തിനു ശേഷം വായിക്കപ്പെടാനും,
വാഴ്ത്തപ്പെടുവാനും ഞാന്‍ ഒരു കവിയല്ല" തന്‍റെ ചുറ്റുപാടുകളിലേക്ക് തുറന്നു വെക്കുന്ന ഒരു കണ്ണാടിയാണ് ഈ കവിത.

ഇത്തിള്‍ക്കണ്ണിയുടെ വേരുകളെ പ്രണയവേരിനോടുപമിച്ചു, ഇത്തിള്‍ക്കണ്ണികള്‍ മരത്തോടു  ചെയ്യുന്നതാണ്  പ്രണയത്തിലും എന്നാണു കവി വിവക്ഷ...
"ഇന്നുമുതല്‍ നീ കരുത്തിനെ
പടര്‍ന്നു കയറുന്ന
നിസ്സഹായതയല്ല.
എന്നെ ചുംബിച്ചുണര്‍ത്തുന്ന
പ്രണയ വേരുകള്‍ ആണ്.
പൊതിയുക, നീയെന്‍റെ
വിണ്ടു കീറിയ
ഉടലിനെയാകമാനം.....
നീരുള്ള പച്ചപ്പിനാല്‍
പടര്‍ന്നു പുണരുക നീയെന്‍
നഗ്നമേനിയെ..."
ഇത് പരമ്പരാഗത നുഴഞ്ഞു കയറ്റമല്ല... പകരം പ്രണയവേരുള്ള അതിജീവനത്തിന്‍റെ പച്ചിലക്കയറ്റങ്ങള്‍ ആണ് എന്ന് പറയുന്നു.

സദാചാരത്തിന്‍റെ കടന്നു കയറ്റമാണോ " തനിച്ചാകുന്നവര്‍" എന്ന കവിതയില്‍..!
"ഏതു സദാചാരമാണ്
നിന്‍റെ സംഗീതമുള്ള ചിറകുകള്‍
അറുത്തെടുത്തത്..?
എന്നെയും നിന്നെയും
തനിച്ചാക്കിയത്...!"

ഒന്നുമാല്ലാതിരുന്നപ്പോള്‍ ആര്‍ക്കുമെന്നെ വേണ്ടായിരുന്നു. ഇന്ന്, എനിക്കെല്ലാമുണ്ടായപ്പോള്‍ എല്ലാവരും എന്നെ തേടി വന്നു. യാഥാര്‍ത്ഥ്യമായ ഒരു "പരിണാമം" ആണ് ഈ കവിതയില്‍....

"ഈ തണുത്ത നിലാവിലൊന്നു മുങ്ങിത്താഴ്ന്നാലോ,
കുളിരുവോളം കോരി കുടിക്കാം..."
ഹോ... എന്ത് മനോഹരം.... നിലാവും, കുളിരുമൊക്കെ കവി ഭാവനയില്‍.... നമുക്കും കോരികുടിക്കാന്‍ തോന്നുന്ന പോലെ....
"കാറ്റും, മഴയും, വെയിലും ഇല്ലാത്തിടത്ത് ഇരുന്നു-
കാലിഡോസ്കോപ്പിലൂടെ മഴവില്ല് കാണാം,
പ്രണയം ചത്തുറങ്ങുമ്പോള്‍
പതിഞ്ഞ ശബ്ദത്തില്‍
മേഘമല്‍ഹാര്‍ കേള്‍ക്കാം...! "
(സഹയാത്രികന്‍)
പ്രണയം എത്രമേല്‍ ഹൃദ്യം അല്ലെ....!! നമ്മളും പ്രണയിച്ചു പോകുമോ, കവിത വായിച്ചു തീരുമ്പോഴേക്കും...!!

"പകല്‍ മുഴുവന്‍ മിഴിയടച്ച്‌
ഞാന്‍ ഇരുട്ടിനെ ധ്യാനിച്ചു.
രാത്രി തന്ന കറുപ്പ് കുടിച്ച്
വിരിഞ്ഞു വെളുത്തു.
ഞാന്‍ നിശാഗന്ധിയായി...
അതു വരെ അറച്ചു നിന്ന നിലാവ്
എന്നെ പുണര്‍ന്നു ചുംബിച്ചു..."  വര്‍ണ്ണ  വെറിയുടെ മറ്റൊരു ഭാവം നിലാവിനോടും, പൂവിനോടും ഉപമിച്ചു കവി വിവരിക്കുകയാണ് "നിറംമാറ്റം" എന്ന കവിതയില്‍....

"കനല്‍ വഴികള്‍" പൊള്ളുന്നവയാണ്....
"കരയില്‍
സൃഷ്ടിക്കുന്ന ഭൂകമ്പങ്ങള്‍
അകക്കടലില്‍ സുനാമിയായി
മാറുന്ന ചില നിമിഷങ്ങളുണ്ട്‌.
അപ്പോഴാണ്
ഉന്മാദത്തിരകള്‍ ഉത്ഭവിക്കുക.
അന്നേരം തന്നെ
തിന്നു തീര്‍ക്കുന്ന
തീത്തിരകള്‍ തേടി
സ്വയം ചിലര്‍ നടന്നു പോകും..." അതെ കനല്‍ വഴികള്‍ അതി തീക്ഷ്ണം തന്നെ അല്ലെ...!

പ്രിയ കവേ, നിനക്ക് നന്ദി.... മനോഹരമായ ഒരു വായനാനുഭവം സമ്മാനിച്ചതിനു...
ജീവിതത്തിന്‍റെ കനല്‍ക്കാഴ്ച്ചകള്‍ കാണിച്ചു തന്നതിന്....
പ്രണയത്തിന്‍റെ തെളിനീരുറവകള്‍ വറ്റുന്നില്ലെന്നു പറഞ്ഞതിന്....
വിരഹം കയ്പ്പുനീരല്ലെന്നു രുചിപ്പിച്ചതിനു....

വായന മരിക്കുന്നില്ലല്ലോ...
എല്ലാ നന്മകളും, ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ട്....
അതി സൂക്ഷ്മ കവിതകള്‍ വീണ്ടും  പ്രതീക്ഷിച്ചു കൊണ്ട് .....

Basho Books, കോഴിക്കോട്. ആണ് പ്രസാധകര്‍.
വില 80 രൂപ.










Tuesday, September 4, 2018

കടല്‍

കടലാഴങ്ങളുടെ 
ശാന്തതയില്‍
ഒളിഞ്ഞിരിക്കുന്ന 
ഭീകരതയായിരുന്നു
പണ്ട് അമ്മയുടെ 
കഥകളില്‍ നിറയെ...

ഒഴുകുമ്പോഴും,
തന്നിലേക്ക് 
വലിച്ചടുപ്പിക്കുന്ന 
തീവ്രത!
ഉള്ളറകളിലേക്കു
മുങ്ങാം കുഴിയിട്ടു
ചിപ്പികളും, മുത്തുകളും
കാണിച്ചു 
വിസ്മയിപ്പിക്കല്‍...

കടലാഴങ്ങള്‍ തേടി
നടക്കുമ്പോള്‍...
കരകളായി മാറുന്ന
തീരങ്ങളില്‍ 
കാഴ്ചക്കും 
ആഘോഷങ്ങള്‍ക്കും
ഇടം തിരയുമ്പോള്‍...
അവളുടെ 
ഭീകരതകള്‍ 
ഒന്നൊന്നായി 
നഗ്നയാക്കപ്പെടുകയായിരുന്നു...

വഴി തെറ്റി,
ഗതി മാറി
നടന്നു നോക്കിയെങ്കിലും!
തന്നിലേക്കു തന്നെ മടങ്ങാന്‍
തന്‍റെ വഴികളിലൂടെ 
നടന്നവരെയാശ്ലേഷിച്ചവള്‍...

ഇന്ന്.
അവളുടെയൊരാലിംഗനത്തില്‍ 
അസ്ഥിപഞ്ജരമായ
ആത്മാവുകള്‍ അലയുകയാണ്...
മോക്ഷത്തിനായി..!

Thursday, August 23, 2018

വിശുദ്ധ പ്രളയം

പ്രളയമൊരു
പ്രഹേളികയാണ്...
കടലാഴങ്ങളില്‍
തിരയറിയാതെ
അടിഞ്ഞുകൂടിയ
മുത്തുകള്‍ പെറുക്കുന്ന
പ്രണയം പോലെ
വിശുദ്ധമായ...

ജീവിതം

മറക്കാം, പൊറുക്കാം ഈ ഒരു നിമിഷാര്‍ദ്ധമെങ്കിലും... വീണ്ടുമോര്‍ക്കാം, നാളെയും മറ്റന്നാളും കഴിഞ്ഞു..... ! കടലിനിയും കരയാകും...! മലകള്‍ ഇനിയും ഇടിയും...! മരങ്ങള്‍ ഇനിയും കൊഴിയും...! തോടുകളും, പുഴകളും നിറയും...! പ്ലാസ്ടിക്കും, മറ്റു മാലിന്യങ്ങളും വീണ്ടും ഒഴുകും.... ! ഉയരും കെട്ടിടങ്ങള്‍....! അടയും തടയണകള്‍...! കറങ്ങും, തീം പാര്‍ക്കുകള്‍....! ഓര്‍ക്കാം, അപ്പോഴും... ഓര്‍മ്മകള്‍ പെറുക്കി നാം ബാക്കിയാവുകില്‍....

ആശ്രയം

പറന്നു ചെല്ലുവാന്‍
പറ്റാത്ത ദൂരത്തായൊര-
ഭയസ്ഥാനമുണ്ടെന്നാകിലും,
പിരിയാതെ നില്‍ക്കുവോളം
അശക്തരാകില്ല നാം...

ശക്തിയും, ബുദ്ധിയും
സമന്വയിപ്പിച്ചൊരു 
രക്ഷാ കവചം പണിയാം
നമുക്കിവിടെ....

മതിലുകള്‍ക്കുള്ളില്‍
സുരക്ഷിതര്‍,
എന്നു വിശ്വസിച്ചിരുന്നെങ്കിലും
അതിരുകളില്ലാത്ത
ആകാശമാണഭയം
എന്ന തിരിച്ചറിവിവിടെയെത്തിച്ചു.

ഇനിയെനിക്കെന്തിനു
ചുമരുകള്‍!
താങ്ങാന്‍ ചുമലുകള്‍
ചുറ്റിനും...

സ്വാതന്ത്ര്യത്തിന്‍റെ 
ചിറകുകള്‍ വിടര്‍ത്തി 
പറക്കണം....
ഇനി....
ശാന്തമായൊന്നുറങ്ങണം !

Friday, August 17, 2018

യാഥാര്‍ത്ഥ്യം

യാഥാര്‍ത്ഥ്യം
(പ്രദീഷ്. പി. സി)
----------------------------------------


ഒരിക്കല്‍,
സ്വപ്നങ്ങളില്‍ നിന്നും
യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള
ദൂരം എനിക്ക് അനന്തമായിരുന്നു.

ഭ്രമാത്മക ലോകത്തിന്‍റെ
പ്രതീകമായ രമ്യഹര്‍മ്മ്യങ്ങളും,
ആഡംബരത്തിന്‍റെ ബെന്‍സും,
പൂത്തുലഞ്ഞ ബോഗൈന്‍വില്ലകളും,
പച്ച വിരിയിട്ട ഉമ്മറമുറ്റവും....
എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ഇന്നലെ മാത്രം കെട്ടിപ്പൊക്കിയ
എന്‍റെ സ്വപ്ങ്ങള്‍...

ഇന്ന്, സ്വപ്നങ്ങളെ
ചവറ്റുകുട്ടയില്‍ തള്ളി,
യാഥാര്‍ത്ഥ്യം എത്ര പെട്ടന്നാണ്
എന്‍റെ ഉമ്മറപ്പടിയും കടന്നു
അകത്തേക്കിരച്ചു കയറിയത്...

യാത്ര


യാത്ര (പ്രദീഷ്.പി.സി)

ആകാശക്കീറില്‍
നിന്നിറ്റു വീണ
ജലകണങ്ങള്‍
എന്‍റെ ഹൃദയത്തേയും,
ആത്മാവിനെയും
പൊള്ളിച്ചു
കുതിച്ചൊഴുകുന്നുണ്ട്.

അമ്മയുടെ
മാറു പിളര്‍ന്നു
രക്തം വമിക്കുന്നു.
ചുറ്റുപാടുകള്‍
വീണുടയുന്നു...

വെള്ളക്കെട്ടുകള്‍
പൊട്ടിയൊഴുകുന്നു
ചുറ്റിനും...
ജീവനും, സ്വത്തിനും
വിലയില്ലാതാകുന്നു...

സത്രങ്ങള്‍
ഇടത്താവളങ്ങളാകുന്നു
മത, വര്‍ണ്ണ
ഉച്ച നീചത്വങ്ങള്‍
പറന്നകലുന്നു...

ഇതു പ്രളയമോ,
പ്രഹരമോ !
ആവാസ വ്യവസ്ഥയില്‍
വരുത്തിയ
അസന്തുലിതാവസ്ഥയുടെ
ബാക്കി പത്രമോ!

പൊരുളറിയാതെ
പകച്ചു നോക്കുന്ന
മര്‍ത്യര്‍ ചുറ്റിനും...
ഒപ്പമീ ഞാനും...

Tuesday, July 10, 2018

നിന്നോട് പറയാന്‍ ബാക്കിവെച്ചത്....


നിന്നോട് പറയാന്‍ ബാക്കിവെച്ചത്....
(Pradeesh . PC)
----------------------------------------------------------------------------------------------------
പുസ്തകങ്ങളും നമ്മുടെ കൂട്ടുകാരാകും ചിലപ്പോള്‍.....!
എന്‍റെ വേദനകളാണ്, എന്‍റെ വികാരങ്ങളാണ് ചിലപ്പോഴൊക്കെയും എനിക്ക് എഴുത്ത്.... വായന ഇതെല്ലാം ചേര്‍ന്നതും..... സമ്മിശ്ര വികാരങ്ങളുടെ സമ്മേളനം...  
അനുഗ്രഹങ്ങളാണ് കൂട്ടുകാര്‍... അവര്‍ നമ്മളെ തോളോട് ചേര്‍ത്തു നിര്‍ത്തും... അവശ്യ ഘട്ടങ്ങളില്‍ താങ്ങാകും... പൊള്ളുന്ന ചൂടില്‍ തണലാകും... വേദനയില്‍ സാന്ത്വനമാകും.... അങ്ങനെയങ്ങനെ....
എല്ലാ സൌഹൃദങ്ങളുമല്ല... ആത്മാര്‍ഥമായി, ഹൃദയത്തിന്നടിത്തട്ടില്‍ സൂക്ഷിക്കുന്ന ചുരുക്കം ചില സൌഹൃദങ്ങള്‍....
ഒരു സുഹൃത്തിനും സാധിക്കാത്ത സാന്ത്വനമാകും ചിലപ്പോള്‍ ജീവിതത്തില്‍ പുസ്തകങ്ങള്‍.... അങ്ങനെ എനിക്കും ഉണ്ട് കുറെ അധികം സുഹൃത്തുക്കള്‍...
പുസ്തകങ്ങളായും, അല്ലാതെയും.....
അലമാരയിലെ പുസ്തകങ്ങളില്‍ അധികവും ഞാന്‍ വായിക്കാത്തതാണ്... പക്ഷെ ഞാന്‍ വായിച്ചതും അവക്കിടയില്‍ ഉണ്ട്.... പണ്ട് മുതല്‍ക്കേ പുസ്തകങ്ങളോട് ഒരുപാടിഷ്ട്ടമാണ്.... പഠിക്കുന്ന പുസ്തകങ്ങള്‍ ആയാലും, ഒരു വര്‍ഷം പഠിച്ചു കഴിഞ്ഞാലും പുസ്തകത്തിനൊരു പോറല്‍ പോലും ഏല്‍ക്കാതെ ഞാന്‍ സൂക്ഷിക്കാറുണ്ടായിരുന്നു....
എന്‍റെ പഠനം കഴിഞ്ഞു അടുത്ത വീടുകളിലെ കുട്ടികള്‍ വന്നു പുസ്തകം ചോദിക്കുമ്പോള്‍ വളരെ സങ്കടത്തോടെ, അമ്മയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് ഞാന്‍ അതു കൈ മാറ്റം ചെയ്തിരുന്നത്.... അത്രമേല്‍ പുസ്തകങ്ങളെ സൂക്ഷിക്കാനുള്ള ആഗ്രഹം അന്നു മുതലേ ഉള്ളില്‍ കുടിയേറിയാതാണ്...
ഇടക്ക്, വിദേശ വാസം, ജോലിത്തിരക്കുകള്‍ ഒക്കെയായി വായനക്കല്‍പ്പം കുറവുണ്ടായി... എങ്കിലും ആ ഒഴുക്ക് നിലച്ചിട്ടില്ല..... വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുന്നു.... പഴയ കാലത്തെ അത്ര തന്നെ ഇല്ലെങ്കിലും....
ചില പുസ്തകങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ കൈക്കലാക്കാന്‍ തോന്നും... പിന്നെ ചിലത് തേടിപ്പിടിച്ചു സ്വന്തമാക്കും.... ചിലത് പ്രിയപ്പെട്ടവരുടെ കയ്യൊപ്പോടു കൂടിയ സ്നേഹ സമ്മാനങ്ങള്‍ ആകും.... ചിലത് സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വാങ്ങുന്നത്.... ചിലപ്പോള്‍ ചിലത് പൊതുജന അഭിപ്രായം മാനിച്ചും.... ചിലത് പ്രശസ്ത പുരസ്കാരങ്ങളെ മുന്‍ നിര്‍ത്തിയും.....
അങ്ങനെയങ്ങനെ പുസ്തകങ്ങള്‍ കുറെ കയ്യിലുണ്ട്.... കയ്യിലുള്ളതിനെ ഒരിക്കലും നഷ്ട്ടപ്പെടുതാന്‍ ആഗ്രഹിക്കാറില്ല.... തിരിച്ചു കിട്ടും എന്നു തോന്നുന്നവര്‍ക്ക് മാത്രമേ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കാറുള്ളൂ....
വൈകാരികമായ പല അടുപ്പങ്ങളും പല പുസ്തകങ്ങളോടും കാണും, നഷ്ട്ടപ്പെട്ടു പോയ ഒന്നിനെ പുതിയതിലൂടെ മാറ്റി വെക്കുമ്പോള്‍ അതൊരു പകരം വെക്കല്‍ മാത്രമാകും.... ഒരിക്കലും മായാത്ത ഒരു മുറിവായി ആ പുസ്തകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഉണ്ടാവുകയും ചെയ്യും....
അതുകൊണ്ട് തന്നെ വായിക്കാന്‍ വാങ്ങുന്ന പുസ്തകങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ തിരിച്ചു കൊടുക്കാറുമുണ്ട്.... കാരണം വികാരങ്ങള്‍ ഒരാള്‍ക്കു മാത്രം ആകില്ലല്ലോ..... അതു കൊണ്ട് തന്നെ....
പുസ്തകങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.... അതൊരു ആഴ്ച്ചപ്പതിപ്പോ മാസികയോ ആയാല്‍പ്പോലും....
ഓണ്‍ലൈന്‍ വായനയും, ടാബ് വായനയും അത്ര ദഹിക്കുന്നില്ല.... പുസ്തകങ്ങളെ നെഞ്ചേറ്റി ലാളിച്ചു വളര്‍ന്നതുകൊണ്ടാകാം... പിന്നെ, ഗത്യന്തരമില്ലെങ്കില്‍ വായിക്കുമെന്ന് മാത്രം....
ഇന്നും എന്നും എന്നെ മനസ്സിലാക്കുന്ന എന്‍റെ പ്രിയ കൂട്ടുകാര്‍ തന്നെയാണ് എന്‍റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍..... എത്ര വായിച്ചാലും മതി വരാത്ത എന്‍റെ ജീവിത പുസ്തകങ്ങള്‍......


Monday, June 25, 2018

മുഖപടം

മുഖപടം
(പ്രദീഷ്.പി.സി.) ------------------------------- ഇനിയേത് മുഖപടമണിയേണം?
കവിയുടെതായ, കയ്യൊപ്പുകള്‍ പതിപ്പിച്ചു ഒരു ജന്മം കൊഴിഞ്ഞുപോയി... വിരഹമായിരുന്നു വിഷയമതെങ്കിലും.... വിപണനത്തിന്നൊരു കുറവുമില്ലാരുന്നു... കവിത വറ്റിയപ്പോള്‍... വായനക്കാരില്ലാതെ കവി മരിച്ചപ്പോള്‍....! ചെറുകഥകളായി ഉയിര്‍ത്തെഴുന്നേറ്റു. പാകമായൊരു മുഖപടത്തിനായ് നിത്യവും കുറിക്കുന്നു... കഥാവശേഷനായൊരുവന്‍റെ മുഖപടത്തിലവസാനം തന്‍റെ മുഖമൊളിപ്പിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു... സ്വീകരണങ്ങളും, അവാര്‍ഡുകളും നേടി മുന്നോട്ടു പായുമ്പോള്‍.... ഇനിയേതു മുഖപടം അണിയുവാന്‍ ബാക്കി...?

ഇല

ഇല 
(പ്രദീഷ്..പി.സി.)
------------------------------
നയന സൌകുമാര്യങ്ങളുടെ -
പ്രതീകമാണിപ്പോള്‍ മുറ്റത്ത്‌, 
ചപ്പുചവറുകള്‍ക്കിടയില്‍-
വീണു, ഞെരിഞ്ഞമര്‍ന്നങ്ങനെ...
ചിരിച്ചു, കളിച്ചു, ആടിത്തിമിര്‍ത്തു-
നിന്നപ്പോള്‍ അറിയാതെ പോയ 
നാളെയുടെ ശുഭപര്യവസാനം....!

അച്ഛന്‍

അച്ഛന്‍
(പ്രദീഷ്.പി.സി.)
--------------------------------------- മഴയാണെനിക്ക് ചുറ്റും....
എന്നിട്ടും ഞാന്‍ നനയുന്നില്ലല്ലോ....! ഒരു മേല്‍ക്കൂര എന്നുമെന്നെ
കാത്തു സംരക്ഷിച്ചിരുന്നു,
മഴയും വെയിലുമേല്‍പ്പിക്കാതെ...
അതെ,
അച്ഛനെന്ന ആ വലിയ മേല്‍ക്കൂര....

അമ്മ

അമ്മ 
(പ്രദീഷ് . പി. സി )
--------------------------------------------
തപിക്കുന്നൊരാ ഹൃത്തിനപ്പുറം,
തപസ്സിനാല്‍ സ്ഫുടം ചെയ്ത-
മനസ്സുമായൊരമ്മയുണ്ടെനിക്ക്....
ഭാഗ്യ, ദൌര്‍ഭാഗ്യങ്ങളുടെ
കണക്കു പുസ്തകം കാത്തു സൂക്ഷിക്കാത്ത,
ശുഭാപ്തി വിശ്വാസത്തിന്‍റെ
മെഴുതിരി വെട്ടം മാത്രം
കൈമുതലായൊരമ്മ.....

Sunday, June 17, 2018

ആകാശ ദൂരങ്ങള്‍

ആകാശ ദൂരങ്ങള്‍
പ്രദീഷ് .പി. സി
..........................................................
എത്രയോ ആകാശങ്ങള്‍....
എത്രയോ ദൂരങ്ങള്‍...
ഞാന്‍ പറന്നു തീര്‍ത്ത വഴികള്‍....

ദുബായ് വഴി ഡമാസ്കസിലേക്ക്,
കരിപ്പൂര്‍,  എഡിന്ബര്ഗ്,
ആമ്സ്റ്റെര്ടാം...
ചില ആകാശങ്ങള്‍ 
തെളിഞ്ഞതായിരുന്നു.... 
ദുബായ് നഗരത്തിലെത് പോല്‍....
മഞ്ഞ് പുതച്ചു കിടക്കുന്ന- 
ആമ്സ്റ്റെര്ടാം താഴ്വാരങ്ങളിലേക്കു-
ആകാശത്ത്  നിന്നു കുതിക്കാന്‍ 
എളുപ്പമല്ല.
കാഴ്ച്ചകളോക്കെയും അവ്യക്തം

മഴ, ചിലപ്പോഴെല്ലാം 
കരിപ്പൂര്‍ എയര്‍ പോര്ടിനു മുകളില്‍ 
ഒരാവരണം പണിയാറുണ്ട്....
വെറുമൊരു പുകമറ....
ചിലരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍....

പക്ഷെ,
പുകമറയില്‍ നിന്ന് സ്വയം
എരിയുന്നൊരു  എയര്‍ പോര്ടാനു 
ദമാസ്കസ്....
സിറിയന്‍  കലാപത്തിന്‍റെ
തിരു ശേഷിപ്പുകളും പേറി...
വാല്‍ നക്ഷത്രങ്ങള്‍ പോല്‍ 
പറന്നു നടക്കുന്ന ഷെല്ലുകളും,
പീരങ്കികളും.... 
ഒപ്പം, ഭയാനക ശബ്ദങ്ങളും...

എവിടെയാണൊന്നു സ്വസ്ഥമായ് 
ലാന്‍ഡ്‌   ചെയ്യാന്‍ കഴിയുക....!
മരണ വേഗങ്ങല്‍ക്കുമപ്പുറം...
ആകാശ കാഴ്ചകളിലേക്കു.......

സ്വപ്നഗോപുരം

സ്വപ്നഗോപുരം
പ്രദീഷ്.പി.സി
..................................................
എന്റെ,
ഏകാന്തമായ വഴിത്താരകളിൽ
ഇന്നു നിന്റെ പദചലനം
ഞാനറിയുന്നുണ്ട്...
നീ എന്നെയോ,
ഞാൻ നിന്നെയോ
പിന്തുടരുകയായിരുന്നില്ല.
മറിച്ച്,
ഒരു സ്വപ്നത്തിന്റെ
പൂർത്തീകരണത്തിലേക്ക്
നമ്മൾ നടന്നടുക്കുകയായിരുന്നു,
കൈകൾ കോർത്തു പിടിച്ചു കൊണ്ട്....
ഓർമ്മകൾ,
കൈകാട്ടി വിളിക്കുമ്പൊഴും...
ഏകാന്തത,
ഒരു നിഴൽ പോലെ
പിന്തുടരുമ്പൊഴും...
നിന്റെ സാമീപ്യം,
അവയെ തുരത്തിയോടിക്കുന്നുണ്ട്...
ഇനി,
അരുതുകളുടേതായ
മതിലുകളെല്ലാം
പൊളിച്ചു കളയണം
നമുക്ക്....
എന്നിട്ട്,
ആശകൾ കൊണ്ടൊരാകാശ -
ഗോപുരം പണിയേണം....
ചുമരുകളില്ലാത്ത ....
( നീ ഒരു പ്രലോഭനമാകുന്നു.... നശ്വരതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാത്ത അനശ്വര പ്രലോഭനം....  )

അർഷാദ് ബത്തേരി

പൂഴ്ത്തി വെച്ചത് 
അർഷാദ് ബത്തേരി 
........................................
ഞാൻ കാണുന്ന ഒരു സ്വപ്നമാണ് നീ 
അതുകൊണ്ടാണ് നിന്നെ കുറിച്ചുള്ള 
വിചാരങ്ങൾക്കു ഭൂപടമോ ,രാജ്യമോ
ഇല്ലാതെ ,അറ്റമില്ലാതെ അത് കുതിക്കുന്നത്‌
നിന്റെ ജീവനുമേൽ
ഏകാന്തത അടിഞ്ഞു കൂടാതിരിക്കാൻ
ഒന്നുമാകാതെ
പുഴക്ക് മീതെ ഒരില പോലെ
ഒഴുകി പോകാതിരിക്കാൻ
ഞാൻ നിന്നെ അള്ളി പിടിച്ച
വള്ളികളിൽ മുഴുവനും
എൻറെ പ്രാണനുണ്ട് .
ഉടലിന്റെ
മിനുമിനുപ്പിലേക്കു
മയങ്ങി വീണതല്ല
ഉള്ളു വെന്തു കിടക്കുന്ന
പഴക്കമേറിയ നിന്നിലെ
വേദനയെ തൊട്ടപ്പോൾ
എൻറെ പ്രാണൻ കരുതലോടെ
നിന്നിലേക്ക്‌ പടർന്നു
കയറിയതാണ്
നീ തെന്നി വീഴാതിരിക്കാൻ
ഇരുട്ടിന്റെ ജയിലറകളിൽ
അകപ്പെടാതിരിക്കാൻ
നാല് കണ്ണും
നാലായിരം
കൈകാലുകളുമായി
നിന്നെ ഞാൻ ഇപ്പോഴും
സ്വപ്നത്തിൽ പൂഴ്ത്തു വെച്ചിരിക്കുന്നു .
അതെ ഞാൻ ,
രാത്രിയിലും പകലിലും
കാണുന്ന ഒരു സ്വപ്നമാണ് നീ

Monday, March 5, 2018

സമാധി

ആകാശക്കീറില്‍ നിന്നിറ്റിറ്റു വീണ ജല കണങ്ങള്‍.... ചെറിയ നീര്‍ ചാലുകളായ്‌.. ഒഴുകിയൊഴുകി.... തടാകങ്ങളില്‍, അരുവികളില്‍... യാത്രകള്‍ അനസ്യൂതം തുടര്‍ന്ന്.... നദികളില്‍... പുഴകളില്‍.... കലാഴങ്ങളില്‍ സമാധിയടയുന്നു....

Thursday, January 4, 2018

കാഴ്ച

കാഴ്ച
കണ്ണുകൾക്ക് തിമിരം ബാധിച്ചുവൊ? എപ്പോഴാണ് കാഴ്ചകൾ മങ്ങിത്തുടങ്ങിയത്? അകക്കണ്ണും തുറന്നിരിക്കേണ്ട ഈ കാലഘട്ടത്തിൽ സി സി ടിവി ക്യാമറകളും സ്ഥാപിച്ച് നമ്മൾ ഉറക്കം തൂങ്ങിയിരിക്കുന്നതെന്തിനാണ്?
പണ്ട് ..... ഉയർന്നു നിൽക്കുന്ന മതിൽക്കെട്ടുകൾക്കുമപ്പുറം വിശാലമായിരുന്നു എന്റെ ലോകം... അതിരുകളിൽ മതിലുകളില്ലാത്ത! (വ സുദൈവ കുടുംബകം). ഐപാഡിലെ സല്ലാപ നിമിഷങ്ങൾക്കുമപ്പുറം സരസമായിരുന്നു അയൽപ്പക്ക സംഭാഷണങ്ങൾ.... ഹൃദയങ്ങൾ തമ്മിൽ!
ഇന്ന് ഞാൻ ആരും കാണാത്ത കാഴ്ചകൾ തേടി.... നാലു ചുവരുകൾക്കുള്ളിൽ മോണിട്ടറിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കണ്ണും നട്ടിരിക്കയാണ്...
വിശാലമായ ഒരു ലോകത്തിന്റെ വാതായനങ്ങളെല്ലാം സ്വയം കൊട്ടിയടച്ച്.....