Friday, December 9, 2016

ഇന്നലത്തെ സ്വപ്നം...

ഇന്നലത്തെ സ്വപ്നം
ഞാനിപ്പോൾ വീണ്ടും കാണുകയാണ്.
നിന്റെ ആലിംഗനത്തിൽ അലിഞ്ഞു
സ്വയം ഇല്ലാതായ നിമിഷങ്ങൾ.
നീയെന്ന സ്വപ്നം 
അപ്രതീക്ഷിതമായി 
എന്നിൽ വരുത്തിയ മാറ്റങ്ങൾ...
അതെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ
ആത്മാർത്ഥ നിമിഷങ്ങൾ...
ഹൃദയത്തിന്റെ ഉള്ളറകളിൽനിന്നും 
നിര്ഗളിക്കുമ്പോൾ...
അതിന്റെ തീവ്രതയാൽ
സ്വയം അലിഞ്ഞു പോകുമ്പോൾ...
നിർവൃതി ജന്യമാം ഒരുൾത്തുടിപ്പു....
എന്റെ ഹൃദയം തേടി നടന്നൊരു 
പ്രണയം, നിന്റെ ഹൃദയം പോൽ
പരിശുദ്ധമായതു...
അതെ, നീയെനിക്കന്യന(യ)ല്ലെങ്കിൽ 
ഞാനതു നിനക്കടിയറ വെക്കാം,
ഒരു പലിശരഹിത സ്ഥിര
നിക്ഷേപമായി...

Monday, December 5, 2016

മാപ്പു..

നിന്റെ കണ്ണുകൾക്ക് ഇന്ന് എന്തെന്നില്ലാത്ത തീക്ഷ്ണതയായിരുന്നു.
കാരണമെന്തെന്ന് എനിക്കറിയില്ല. ചോദിച്ചില്ല, അറിയാൻ ശ്രമിച്ചുമില്ല.
ഒരു പകലുറക്കത്തിന്റെ ആലസ്യത്തിൽ അലിഞ്ഞു പോകുന്നതാണോ അതെന്നും അറിയില്ല.
എങ്കിലും, നിന്റെ വഴികളിലെ പേരറിയാത്ത വിഷാദങ്ങളിൽ എന്റെ ചിന്തകളുടെ സ്പർശം ഞാൻ അറിയുന്നുണ്ട്.
നിന്നെ വിഷമിപ്പിക്കണമെന്ന ആഗ്രഹമെനിക്കില്ല. മനപ്പൂർവ്വമല്ലെങ്കിലും.... മാപ്പു....

പ്രതീക്ഷ

ഞാനിവിടെ എകനല്ല, എന്റെ സ്വപ്നങ്ങളും, നിലാവും പിന്നെ ചീവീടുകളും എനിക്ക് കൂട്ടിനുണ്ട്. നിന്റെ സ്വപ്നങ്ങളിൽ എനിക്കൊരിടം മാറ്റിവെക്കുമെങ്കിൽ ഞാൻ വിരുന്നു വരാം.... അതെ, വെറുമൊരു വിരുന്നുകാരനായി മാത്രം. അതിൽ കൂടുതൽ ഒന്നും നീയെന്നിൽ നിന്നും പ്രതീക്ഷിക്കരുത്... എനിക്കറിയില്ല, എന്നെ ഞാൻ എവിടെയാണ് തിരയേണ്ടതെന്നു....! നിന്റെ മിഴികളിലെ രാഗ നീലിമയിലോ, അതോ, നിന്നധരങ്ങളിലെ പുഞ്ചിരിപ്പൂക്കളിലോ... എവിടെയാണ് നീയെന്നെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്...

ഞാൻ....

ഉറക്കം ഓടിപോയി, പുലരി വന്നെത്തിയിട്ടുമില്ല, നമുക്കിടയിൽ ഇനിയും യാമങ്ങൾ ബാക്കി... ശൂന്യമാകുന്ന ഈ വേളകളിലെ വിരസ നിമിഷങ്ങളിൽ മുഖം പൂഴ്ത്തിയിരിക്കാതെ നശ്വരമാകുന്ന ഈ ജീവിതത്തിന്റെ ഉത്തര പൂർത്തീകരണത്തിനായി നമുക്ക് കൈ കോർക്കാം....
പുറത്തു മഴ പെയ്യുന്നുണ്ടെങ്കിലും ഉള്ളിലെരിയുന്ന ആത്മസംഘര്ഷത്തിന്റെ തീ എന്നിലെ തണുപ്പിന്റെ കാമനകളെ ഘനീഭവിപ്പിക്കുന്നു.
കുളിരുള്ളോരോർമ്മയായ്, തെളിയുന്ന പകലിനെയും കാത്തു ഓർമ്മകളുറങ്ങാത്ത മനസ്സുമായ് ഞാൻ....

Sunday, August 7, 2016

എല്ലാം ഞാൻ അറിയുന്നു...

ഞാൻ ഒരു കവിയല്ല,
പക്ഷെ, കവിതകൾ ഞാനേറെ ഇഷ്ടപ്പെടുന്നു.
ഞാനൊരു ഗായകനല്ല,
പക്ഷെ, സംഗീതം ഞാനേറെ ആസ്വദിക്കുന്നു.
ഞാനൊരു ചിത്രകാരനല്ല,
പക്ഷെ, ചിത്രങ്ങൾ എന്നോട് സംവദിക്കുന്നു.
എന്തിനു...
തൂണിലും, തുരുമ്പിലും,
കല്ലിലും, മുള്ളിലും,
പൂവിലും, പുഴുവിലും....
ജീവിത മുണ്ടെന്നു ഞാനറിയുന്നു....
നീയെന്നോട് സംവദിക്കുന്നതുപോലെ,
നിന്റെ നെടുവീർപ്പുകൾ ഞാനറിയുന്നപോലെ,
നിന്റെ വ്യഥകൾ എന്റേതുമെന്നപോൾ....

-ഒരേകാകിയുടെ ജീവ രേഖകൾ...

ഇന്നലെ സ്വപ്നത്തിൽ 
വീണ്ടും ഞാൻ നിന്നോട്  സംസാരിച്ചു.
മഴയെക്കുറിച്ചു,
പുഴയെക്കുറിച്ചു, 
പിന്നെ, 
പെയ്തു തീരാത്ത 
നമ്മുടെ പ്രണയത്തെക്കുറിച്ചു.
മഴയിൽ, പഴയ പ്രീ ഡിഗ്രി ക്‌ളാസ്സിലെ
ജാലകച്ചില്ലിൽ,
നീയുപേക്ഷിച്ചു പോയ നിന്റെ  നിശ്വാസങ്ങളിൽ 
നോക്കി നെടുവീർപ്പിട്ട നാളുകൾ,
ഞാൻ വീർപ്പുമുട്ടലോടെ ഇന്നും ഓർക്കുന്നു...
മഴ മാറി, മഞ്ഞുകാലമെത്തി....
ജാലകച്ചില്ലിൽ പറ്റിപ്പിടിച്ച
മഞ്ഞു കണങ്ങളിൽ 
ഞാൻ കോറിയിട്ട വരകളിൽ 
നിന്റെ രൂപം തെളിയുന്നതും നോക്കി 
നീയിരുപ്പുണ്ടെന്നു ഞാൻ അറിഞ്ഞില്ല..
മറഞ്ഞിരുന്ന എന്നെ നീ 
ഞാനറിയാതെ നിന്നിലേക്കടുപ്പിച്ചു...
നിന്റെ ആർദ്ര നയങ്ങളിൽ 
പെയ്തു തീരാനൊരു മഴക്കാലം കൂടി
ബാക്കിയുണ്ടായിരുന്നെന്നു 
അന്ന് ഞാനറിഞ്ഞു.
പിന്നിട്ട വഴികളിലെ കയ്പു നീരിന് 
ഉപ്പു നീരിന്റെ രുചി യുണ്ടെന്നു 
എന്റെ ചുണ്ടുകൾ എന്നോട് മന്ത്രിച്ചു. 
പിന്നീട്,
നിഴലായി നടന്നു നീങ്ങിയ നാളുകളിൽ
കാറ്റിൽ കവിതകൾ വിരിയിച്ചു....
കല്ലുകളിൽ വർണ്ണങ്ങൾ വാരി വിതറി....
എന്നിട്ടും....
എവിടെയാണ് നമുക്ക് പിഴച്ചത്.....
എപ്പോഴാണ് രണ്ടു തുരുത്തുകളിലേക്കു
നമ്മൾ എടുത്തെറിയപ്പെട്ടതു...!
കാലത്തിന്റെ വിരിമാറിൽ നിന്നും
അകന്നകന്നു പോകുന്ന രണ്ടു തുരുത്തുകളിൽ.....

Sunday, July 31, 2016

ഇരകൾ...


വേട്ടയാടപ്പെട്ട മൃഗം,
കൈ കാലുകൾ ബന്ധിക്കപ്പെട്ടു
കയറു കട്ടിലിൽ....
വേട്ടക്കാരുടെ ആധിക്യം,
ആധിപത്യം സ്ഥാപിക്കുന്നതിനുള്ള
മത്സരമായി.
നിസ്സഹായയായി ഇര,
കാഴ്ചക്കാരും മോശമായിരുന്നില്ല.
ലിസ്റ്റുകൾ മോണിറ്ററിൽ തെളിഞ്ഞപ്പോൾ,
നിസ്സഹായത ആയിരുന്നില്ല
ഇരയുടെ മനസ്സിൽ നുരഞ്ഞു പൊന്തിയത്,
ഇര വേട്ടക്കാരിയായി മാറുന്നതിലെ
നിസ്സംഗത ആയിരുന്നു....
അതെ,
ഇത് ഇരകൾ മാത്രമുള്ള ഒരു നായാട്ടു....!!

Wednesday, July 13, 2016

മറവി രോഗം (മിനി കഥ)

"മറവി രോഗം മൂലം കണ്ണട എടുക്കാന്‍ മറന്ന 
ഞാന്‍ ഒരു പുസ്തകമെടുത്തു വായന തുടങ്ങി. 
തുടക്കവും ഒടുക്കവും ശുഭം. 
പിന്നെ അതിനിടക്കും.!

അല്ഷിമേഴ്സ്

"പുസ്തകത്താളില്‍ നിന്ന് 
ഞാന്‍ കടം കൊണ്ട വാക്കുകള്‍,
മറവിയുടെ  കയങ്ങളില്‍ മുങ്ങാം കുഴിയിട്ട് 
എന്റെ   ഓര്‍മ്മകളെ 
തിരിച്ചു പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു...
ഒരു പുതു കവിതയായ് പുനര്‍ജ്ജനിക്കാന്‍ 
വെമ്പല്‍ കൊണ്ടിറങ്ങി വന്നവര്‍ ഇന്ന് 
പെരുവഴിയില്‍, എന്‍റെ 
പുനര്‍ജന്മവും  കാത്തു...." :( 

നീ

നീ എന്ന സ്വര്‍ഗം എന്നിലവശേഷിപ്പിച്ച
നഷ്ട വസന്തത്തിന്റെ ഇതളുകള്‍ 
ഒന്നൊന്നായി ഈ മഴയില്‍ കുതിര്‍ന്നു 
നിന്‍റെ മാറില്‍ അലിഞ്ഞു ചേരുന്നു...
വീണ്ടും, ഞാന്‍ ഏകനാകുന്നു.... :( 

ശോണിമ

"എന്‍റെ കണ്ണുകളില്‍ പടരുന്ന ശോണിമ
ലഹരിയുടെ വകഭേദങ്ങളായിരുന്നില്ല,
മറിച്ചു, നിന്‍റെ ചുണ്ടുകളില്‍ നിന്നടര്‍ന്നു 
പോയ ചായകൂട്ടുകളുടെതായിരുന്നു..."