ഞാനും ഒഴുകുകയായിരുന്നു,
കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട്.
എന്‍റെ മനസ്സ് പിടയുകയാണിപ്പോള്‍..
എന്‍റെ മനസ്സും എന്നിലെ ചിന്തകളും
നിശ്ചലമായിരിക്കയാണിപ്പോള്‍...
ഒരിക്കല്‍,
എനിക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.
അന്നെന്‍റെ ഹൃദയത്തിലെല്ലാം
പൂത്തുലഞ്ഞു നില്‍ക്കുന്ന
സ്വപ്‌നങ്ങള്‍ ആയിരുന്നു.
സ്വച്ചശാന്തമായി ഒഴുകിയിരുന്ന
എന്നെ നോക്കി സൂര്യനും, ചന്ദ്രനും,
താരകങ്ങളും പുഞ്ചിരി
പൊഴിക്കാറുണ്ടായിരുന്നു.
ഞാന്‍ കടന്നു പോന്ന ഓരോ തരികളും
ആഹ്ലാദ ഭരിതരായിരുന്നു.
ഈ പ്രപഞ്ചവും എന്നെ സ്നേഹിച്ചിരുന്നു.
ഞാനിപ്പോള്‍ നിശ്ചലയാണ്,
എന്‍റെ കാലുകളില്‍
ആരോ ചങ്ങലയിട്ടിരിക്കുന്നു.
മുന്‍പോട്ടു ഒഴുക്കാന്‍ എനിക്കാകുന്നില്ല...
കണ്ണുകളടച്ചു ഞാനെന്‍റെ സ്വപ്നങ്ങളെ
ഇറുകെ പുല്‍കാന്‍ ശ്രമിച്ചു,
പക്ഷെ,
ഞാന്‍ നിസ്സഹായയായിരുന്നു.
സൂര്യനും, ചന്ദ്രനും, എന്തിനു
ഈ പ്രപഞ്ചം പോലും
എന്നെ മറന്നിരിക്കുന്നു.
എന്‍റെ സ്വപ്നങ്ങളും, മോഹങ്ങളും,
എല്ലാം എന്നിലുറഞ്ഞുകൂടി
ഒരു ശിലയായി മാറിയിരിക്കുന്നു.
എനിക്ക് പിറകെ വന്നവര്‍
എന്നെ കടന്നു പോയിരിക്കുന്നു.
അവരെന്നെ തിരിച്ചറിഞ്ഞുവോ.... എന്തോ!
അവരെന്‍റെ തേങ്ങല്‍ കേട്ടുവോ...!
അതും എനിക്കറിയില്ല.
ഇപ്പോള്‍ ഞാന്‍,
ഉരുകി ഒലിച്ചു കൊണ്ടിരിക്കയാണ്.
എന്‍റെ ഭാരമെല്ലാം
കുറഞ്ഞു കുറഞ്ഞു വരികയാണ്.
ഒരു പൊങ്ങു തടിപോലെ,
ലക്ഷ്യമില്ലാതെ
സ്വപ്നങ്ങളെല്ലാം കൈമോശം വന്നു
ഞാന്‍ ഒഴുകുകയാണ്.
വേദനകളിലൂടെയുള്ള ഈ ഒഴുക്ക്
എന്നെ കരയിപ്പിക്കുന്നു.
എങ്കിലും ഞാനാശ്വസിക്കുന്നു.
ഒരു ശിലയായിരുന്ന എനിക്ക്
ഒഴുകാന്‍ കഴിഞ്ഞതില്‍...
ഇനി എന്നെങ്കിലും എനിക്കെന്‍റെ
ആ പഴയ സ്വപ്നങ്ങളിലൂടെ
ഒന്നൊഴുകണം.
ആ മോഹങ്ങള്‍ സഫലീകരിക്കണം...
അതും ഒരു സ്വപ്നം മാത്രമോ !?
*****************************