Monday, June 25, 2018

മുഖപടം

മുഖപടം
(പ്രദീഷ്.പി.സി.) ------------------------------- ഇനിയേത് മുഖപടമണിയേണം?
കവിയുടെതായ, കയ്യൊപ്പുകള്‍ പതിപ്പിച്ചു ഒരു ജന്മം കൊഴിഞ്ഞുപോയി... വിരഹമായിരുന്നു വിഷയമതെങ്കിലും.... വിപണനത്തിന്നൊരു കുറവുമില്ലാരുന്നു... കവിത വറ്റിയപ്പോള്‍... വായനക്കാരില്ലാതെ കവി മരിച്ചപ്പോള്‍....! ചെറുകഥകളായി ഉയിര്‍ത്തെഴുന്നേറ്റു. പാകമായൊരു മുഖപടത്തിനായ് നിത്യവും കുറിക്കുന്നു... കഥാവശേഷനായൊരുവന്‍റെ മുഖപടത്തിലവസാനം തന്‍റെ മുഖമൊളിപ്പിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു... സ്വീകരണങ്ങളും, അവാര്‍ഡുകളും നേടി മുന്നോട്ടു പായുമ്പോള്‍.... ഇനിയേതു മുഖപടം അണിയുവാന്‍ ബാക്കി...?

ഇല

ഇല 
(പ്രദീഷ്..പി.സി.)
------------------------------
നയന സൌകുമാര്യങ്ങളുടെ -
പ്രതീകമാണിപ്പോള്‍ മുറ്റത്ത്‌, 
ചപ്പുചവറുകള്‍ക്കിടയില്‍-
വീണു, ഞെരിഞ്ഞമര്‍ന്നങ്ങനെ...
ചിരിച്ചു, കളിച്ചു, ആടിത്തിമിര്‍ത്തു-
നിന്നപ്പോള്‍ അറിയാതെ പോയ 
നാളെയുടെ ശുഭപര്യവസാനം....!

അച്ഛന്‍

അച്ഛന്‍
(പ്രദീഷ്.പി.സി.)
--------------------------------------- മഴയാണെനിക്ക് ചുറ്റും....
എന്നിട്ടും ഞാന്‍ നനയുന്നില്ലല്ലോ....! ഒരു മേല്‍ക്കൂര എന്നുമെന്നെ
കാത്തു സംരക്ഷിച്ചിരുന്നു,
മഴയും വെയിലുമേല്‍പ്പിക്കാതെ...
അതെ,
അച്ഛനെന്ന ആ വലിയ മേല്‍ക്കൂര....

അമ്മ

അമ്മ 
(പ്രദീഷ് . പി. സി )
--------------------------------------------
തപിക്കുന്നൊരാ ഹൃത്തിനപ്പുറം,
തപസ്സിനാല്‍ സ്ഫുടം ചെയ്ത-
മനസ്സുമായൊരമ്മയുണ്ടെനിക്ക്....
ഭാഗ്യ, ദൌര്‍ഭാഗ്യങ്ങളുടെ
കണക്കു പുസ്തകം കാത്തു സൂക്ഷിക്കാത്ത,
ശുഭാപ്തി വിശ്വാസത്തിന്‍റെ
മെഴുതിരി വെട്ടം മാത്രം
കൈമുതലായൊരമ്മ.....

Sunday, June 17, 2018

ആകാശ ദൂരങ്ങള്‍

ആകാശ ദൂരങ്ങള്‍
പ്രദീഷ് .പി. സി
..........................................................
എത്രയോ ആകാശങ്ങള്‍....
എത്രയോ ദൂരങ്ങള്‍...
ഞാന്‍ പറന്നു തീര്‍ത്ത വഴികള്‍....

ദുബായ് വഴി ഡമാസ്കസിലേക്ക്,
കരിപ്പൂര്‍,  എഡിന്ബര്ഗ്,
ആമ്സ്റ്റെര്ടാം...
ചില ആകാശങ്ങള്‍ 
തെളിഞ്ഞതായിരുന്നു.... 
ദുബായ് നഗരത്തിലെത് പോല്‍....
മഞ്ഞ് പുതച്ചു കിടക്കുന്ന- 
ആമ്സ്റ്റെര്ടാം താഴ്വാരങ്ങളിലേക്കു-
ആകാശത്ത്  നിന്നു കുതിക്കാന്‍ 
എളുപ്പമല്ല.
കാഴ്ച്ചകളോക്കെയും അവ്യക്തം

മഴ, ചിലപ്പോഴെല്ലാം 
കരിപ്പൂര്‍ എയര്‍ പോര്ടിനു മുകളില്‍ 
ഒരാവരണം പണിയാറുണ്ട്....
വെറുമൊരു പുകമറ....
ചിലരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍....

പക്ഷെ,
പുകമറയില്‍ നിന്ന് സ്വയം
എരിയുന്നൊരു  എയര്‍ പോര്ടാനു 
ദമാസ്കസ്....
സിറിയന്‍  കലാപത്തിന്‍റെ
തിരു ശേഷിപ്പുകളും പേറി...
വാല്‍ നക്ഷത്രങ്ങള്‍ പോല്‍ 
പറന്നു നടക്കുന്ന ഷെല്ലുകളും,
പീരങ്കികളും.... 
ഒപ്പം, ഭയാനക ശബ്ദങ്ങളും...

എവിടെയാണൊന്നു സ്വസ്ഥമായ് 
ലാന്‍ഡ്‌   ചെയ്യാന്‍ കഴിയുക....!
മരണ വേഗങ്ങല്‍ക്കുമപ്പുറം...
ആകാശ കാഴ്ചകളിലേക്കു.......

സ്വപ്നഗോപുരം

സ്വപ്നഗോപുരം
പ്രദീഷ്.പി.സി
..................................................
എന്റെ,
ഏകാന്തമായ വഴിത്താരകളിൽ
ഇന്നു നിന്റെ പദചലനം
ഞാനറിയുന്നുണ്ട്...
നീ എന്നെയോ,
ഞാൻ നിന്നെയോ
പിന്തുടരുകയായിരുന്നില്ല.
മറിച്ച്,
ഒരു സ്വപ്നത്തിന്റെ
പൂർത്തീകരണത്തിലേക്ക്
നമ്മൾ നടന്നടുക്കുകയായിരുന്നു,
കൈകൾ കോർത്തു പിടിച്ചു കൊണ്ട്....
ഓർമ്മകൾ,
കൈകാട്ടി വിളിക്കുമ്പൊഴും...
ഏകാന്തത,
ഒരു നിഴൽ പോലെ
പിന്തുടരുമ്പൊഴും...
നിന്റെ സാമീപ്യം,
അവയെ തുരത്തിയോടിക്കുന്നുണ്ട്...
ഇനി,
അരുതുകളുടേതായ
മതിലുകളെല്ലാം
പൊളിച്ചു കളയണം
നമുക്ക്....
എന്നിട്ട്,
ആശകൾ കൊണ്ടൊരാകാശ -
ഗോപുരം പണിയേണം....
ചുമരുകളില്ലാത്ത ....
( നീ ഒരു പ്രലോഭനമാകുന്നു.... നശ്വരതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാത്ത അനശ്വര പ്രലോഭനം....  )

അർഷാദ് ബത്തേരി

പൂഴ്ത്തി വെച്ചത് 
അർഷാദ് ബത്തേരി 
........................................
ഞാൻ കാണുന്ന ഒരു സ്വപ്നമാണ് നീ 
അതുകൊണ്ടാണ് നിന്നെ കുറിച്ചുള്ള 
വിചാരങ്ങൾക്കു ഭൂപടമോ ,രാജ്യമോ
ഇല്ലാതെ ,അറ്റമില്ലാതെ അത് കുതിക്കുന്നത്‌
നിന്റെ ജീവനുമേൽ
ഏകാന്തത അടിഞ്ഞു കൂടാതിരിക്കാൻ
ഒന്നുമാകാതെ
പുഴക്ക് മീതെ ഒരില പോലെ
ഒഴുകി പോകാതിരിക്കാൻ
ഞാൻ നിന്നെ അള്ളി പിടിച്ച
വള്ളികളിൽ മുഴുവനും
എൻറെ പ്രാണനുണ്ട് .
ഉടലിന്റെ
മിനുമിനുപ്പിലേക്കു
മയങ്ങി വീണതല്ല
ഉള്ളു വെന്തു കിടക്കുന്ന
പഴക്കമേറിയ നിന്നിലെ
വേദനയെ തൊട്ടപ്പോൾ
എൻറെ പ്രാണൻ കരുതലോടെ
നിന്നിലേക്ക്‌ പടർന്നു
കയറിയതാണ്
നീ തെന്നി വീഴാതിരിക്കാൻ
ഇരുട്ടിന്റെ ജയിലറകളിൽ
അകപ്പെടാതിരിക്കാൻ
നാല് കണ്ണും
നാലായിരം
കൈകാലുകളുമായി
നിന്നെ ഞാൻ ഇപ്പോഴും
സ്വപ്നത്തിൽ പൂഴ്ത്തു വെച്ചിരിക്കുന്നു .
അതെ ഞാൻ ,
രാത്രിയിലും പകലിലും
കാണുന്ന ഒരു സ്വപ്നമാണ് നീ