Friday, December 9, 2016

ഇന്നലത്തെ സ്വപ്നം...

ഇന്നലത്തെ സ്വപ്നം
ഞാനിപ്പോൾ വീണ്ടും കാണുകയാണ്.
നിന്റെ ആലിംഗനത്തിൽ അലിഞ്ഞു
സ്വയം ഇല്ലാതായ നിമിഷങ്ങൾ.
നീയെന്ന സ്വപ്നം 
അപ്രതീക്ഷിതമായി 
എന്നിൽ വരുത്തിയ മാറ്റങ്ങൾ...
അതെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ
ആത്മാർത്ഥ നിമിഷങ്ങൾ...
ഹൃദയത്തിന്റെ ഉള്ളറകളിൽനിന്നും 
നിര്ഗളിക്കുമ്പോൾ...
അതിന്റെ തീവ്രതയാൽ
സ്വയം അലിഞ്ഞു പോകുമ്പോൾ...
നിർവൃതി ജന്യമാം ഒരുൾത്തുടിപ്പു....
എന്റെ ഹൃദയം തേടി നടന്നൊരു 
പ്രണയം, നിന്റെ ഹൃദയം പോൽ
പരിശുദ്ധമായതു...
അതെ, നീയെനിക്കന്യന(യ)ല്ലെങ്കിൽ 
ഞാനതു നിനക്കടിയറ വെക്കാം,
ഒരു പലിശരഹിത സ്ഥിര
നിക്ഷേപമായി...

Monday, December 5, 2016

മാപ്പു..

നിന്റെ കണ്ണുകൾക്ക് ഇന്ന് എന്തെന്നില്ലാത്ത തീക്ഷ്ണതയായിരുന്നു.
കാരണമെന്തെന്ന് എനിക്കറിയില്ല. ചോദിച്ചില്ല, അറിയാൻ ശ്രമിച്ചുമില്ല.
ഒരു പകലുറക്കത്തിന്റെ ആലസ്യത്തിൽ അലിഞ്ഞു പോകുന്നതാണോ അതെന്നും അറിയില്ല.
എങ്കിലും, നിന്റെ വഴികളിലെ പേരറിയാത്ത വിഷാദങ്ങളിൽ എന്റെ ചിന്തകളുടെ സ്പർശം ഞാൻ അറിയുന്നുണ്ട്.
നിന്നെ വിഷമിപ്പിക്കണമെന്ന ആഗ്രഹമെനിക്കില്ല. മനപ്പൂർവ്വമല്ലെങ്കിലും.... മാപ്പു....

പ്രതീക്ഷ

ഞാനിവിടെ എകനല്ല, എന്റെ സ്വപ്നങ്ങളും, നിലാവും പിന്നെ ചീവീടുകളും എനിക്ക് കൂട്ടിനുണ്ട്. നിന്റെ സ്വപ്നങ്ങളിൽ എനിക്കൊരിടം മാറ്റിവെക്കുമെങ്കിൽ ഞാൻ വിരുന്നു വരാം.... അതെ, വെറുമൊരു വിരുന്നുകാരനായി മാത്രം. അതിൽ കൂടുതൽ ഒന്നും നീയെന്നിൽ നിന്നും പ്രതീക്ഷിക്കരുത്... എനിക്കറിയില്ല, എന്നെ ഞാൻ എവിടെയാണ് തിരയേണ്ടതെന്നു....! നിന്റെ മിഴികളിലെ രാഗ നീലിമയിലോ, അതോ, നിന്നധരങ്ങളിലെ പുഞ്ചിരിപ്പൂക്കളിലോ... എവിടെയാണ് നീയെന്നെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്...

ഞാൻ....

ഉറക്കം ഓടിപോയി, പുലരി വന്നെത്തിയിട്ടുമില്ല, നമുക്കിടയിൽ ഇനിയും യാമങ്ങൾ ബാക്കി... ശൂന്യമാകുന്ന ഈ വേളകളിലെ വിരസ നിമിഷങ്ങളിൽ മുഖം പൂഴ്ത്തിയിരിക്കാതെ നശ്വരമാകുന്ന ഈ ജീവിതത്തിന്റെ ഉത്തര പൂർത്തീകരണത്തിനായി നമുക്ക് കൈ കോർക്കാം....
പുറത്തു മഴ പെയ്യുന്നുണ്ടെങ്കിലും ഉള്ളിലെരിയുന്ന ആത്മസംഘര്ഷത്തിന്റെ തീ എന്നിലെ തണുപ്പിന്റെ കാമനകളെ ഘനീഭവിപ്പിക്കുന്നു.
കുളിരുള്ളോരോർമ്മയായ്, തെളിയുന്ന പകലിനെയും കാത്തു ഓർമ്മകളുറങ്ങാത്ത മനസ്സുമായ് ഞാൻ....