Thursday, August 23, 2018

വിശുദ്ധ പ്രളയം

പ്രളയമൊരു
പ്രഹേളികയാണ്...
കടലാഴങ്ങളില്‍
തിരയറിയാതെ
അടിഞ്ഞുകൂടിയ
മുത്തുകള്‍ പെറുക്കുന്ന
പ്രണയം പോലെ
വിശുദ്ധമായ...

ജീവിതം

മറക്കാം, പൊറുക്കാം ഈ ഒരു നിമിഷാര്‍ദ്ധമെങ്കിലും... വീണ്ടുമോര്‍ക്കാം, നാളെയും മറ്റന്നാളും കഴിഞ്ഞു..... ! കടലിനിയും കരയാകും...! മലകള്‍ ഇനിയും ഇടിയും...! മരങ്ങള്‍ ഇനിയും കൊഴിയും...! തോടുകളും, പുഴകളും നിറയും...! പ്ലാസ്ടിക്കും, മറ്റു മാലിന്യങ്ങളും വീണ്ടും ഒഴുകും.... ! ഉയരും കെട്ടിടങ്ങള്‍....! അടയും തടയണകള്‍...! കറങ്ങും, തീം പാര്‍ക്കുകള്‍....! ഓര്‍ക്കാം, അപ്പോഴും... ഓര്‍മ്മകള്‍ പെറുക്കി നാം ബാക്കിയാവുകില്‍....

ആശ്രയം

പറന്നു ചെല്ലുവാന്‍
പറ്റാത്ത ദൂരത്തായൊര-
ഭയസ്ഥാനമുണ്ടെന്നാകിലും,
പിരിയാതെ നില്‍ക്കുവോളം
അശക്തരാകില്ല നാം...

ശക്തിയും, ബുദ്ധിയും
സമന്വയിപ്പിച്ചൊരു 
രക്ഷാ കവചം പണിയാം
നമുക്കിവിടെ....

മതിലുകള്‍ക്കുള്ളില്‍
സുരക്ഷിതര്‍,
എന്നു വിശ്വസിച്ചിരുന്നെങ്കിലും
അതിരുകളില്ലാത്ത
ആകാശമാണഭയം
എന്ന തിരിച്ചറിവിവിടെയെത്തിച്ചു.

ഇനിയെനിക്കെന്തിനു
ചുമരുകള്‍!
താങ്ങാന്‍ ചുമലുകള്‍
ചുറ്റിനും...

സ്വാതന്ത്ര്യത്തിന്‍റെ 
ചിറകുകള്‍ വിടര്‍ത്തി 
പറക്കണം....
ഇനി....
ശാന്തമായൊന്നുറങ്ങണം !

Friday, August 17, 2018

യാഥാര്‍ത്ഥ്യം

യാഥാര്‍ത്ഥ്യം
(പ്രദീഷ്. പി. സി)
----------------------------------------


ഒരിക്കല്‍,
സ്വപ്നങ്ങളില്‍ നിന്നും
യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള
ദൂരം എനിക്ക് അനന്തമായിരുന്നു.

ഭ്രമാത്മക ലോകത്തിന്‍റെ
പ്രതീകമായ രമ്യഹര്‍മ്മ്യങ്ങളും,
ആഡംബരത്തിന്‍റെ ബെന്‍സും,
പൂത്തുലഞ്ഞ ബോഗൈന്‍വില്ലകളും,
പച്ച വിരിയിട്ട ഉമ്മറമുറ്റവും....
എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു,
ഇന്നലെ മാത്രം കെട്ടിപ്പൊക്കിയ
എന്‍റെ സ്വപ്ങ്ങള്‍...

ഇന്ന്, സ്വപ്നങ്ങളെ
ചവറ്റുകുട്ടയില്‍ തള്ളി,
യാഥാര്‍ത്ഥ്യം എത്ര പെട്ടന്നാണ്
എന്‍റെ ഉമ്മറപ്പടിയും കടന്നു
അകത്തേക്കിരച്ചു കയറിയത്...

യാത്ര


യാത്ര (പ്രദീഷ്.പി.സി)

ആകാശക്കീറില്‍
നിന്നിറ്റു വീണ
ജലകണങ്ങള്‍
എന്‍റെ ഹൃദയത്തേയും,
ആത്മാവിനെയും
പൊള്ളിച്ചു
കുതിച്ചൊഴുകുന്നുണ്ട്.

അമ്മയുടെ
മാറു പിളര്‍ന്നു
രക്തം വമിക്കുന്നു.
ചുറ്റുപാടുകള്‍
വീണുടയുന്നു...

വെള്ളക്കെട്ടുകള്‍
പൊട്ടിയൊഴുകുന്നു
ചുറ്റിനും...
ജീവനും, സ്വത്തിനും
വിലയില്ലാതാകുന്നു...

സത്രങ്ങള്‍
ഇടത്താവളങ്ങളാകുന്നു
മത, വര്‍ണ്ണ
ഉച്ച നീചത്വങ്ങള്‍
പറന്നകലുന്നു...

ഇതു പ്രളയമോ,
പ്രഹരമോ !
ആവാസ വ്യവസ്ഥയില്‍
വരുത്തിയ
അസന്തുലിതാവസ്ഥയുടെ
ബാക്കി പത്രമോ!

പൊരുളറിയാതെ
പകച്ചു നോക്കുന്ന
മര്‍ത്യര്‍ ചുറ്റിനും...
ഒപ്പമീ ഞാനും...