-------------------------
ദൈവങ്ങളും,
ഗ്രന്ഥങ്ങളുമില്ലാത്ത
മതമായി വിശപ്പ്
വളരുന്നു.
വറുതിയുടെ
നെരിപ്പോടിൽ
പുകഞ്ഞുതീരുമ്പോഴും,
ആരാധനാലയങ്ങളോ
ബിംബങ്ങളോ ഇല്ലാതെ
വിശപ്പിനാൽ
ഭൂമി വരണ്ടുണങ്ങുന്നു.
പൈതങ്ങൾപോലും
കരിഞ്ഞു വീഴുന്നു.
ദൈവങ്ങൾക്ക്
കാണാനാകാത്ത വിശപ്പ്,
മതങ്ങൾക്കും.
പൊതിക്കൂമ്പാരങ്ങളിൽ
അലയുന്ന തെരുവുകൾ
വട്ടമിടുന്നു.
പട്ടിയും, പൂച്ചയും
കടിച്ചുവലിക്കുന്ന
എല്ലിൻ കഷണത്തിൽനിന്നും
മാംസത്തിന്റെ അവസാന തുണ്ടും
വേർപെടുന്നു.
മനുഷ്യർ
വിശപ്പെന്നു വിലപിച്ചു
ഒരിക്കലും കാണാത്ത
ദൈവത്തിനുവേണ്ടി
വാപിളർന്നു വയറിലടിക്കുന്നു.
ആ കൈകളിലാണ്
മതങ്ങളുടെ പല്ലുകൾ
ആഴ്ന്നിറങ്ങുന്നത്.
വേവലാതിപ്പെടാതെ
പായുന്നവരെ നോക്കി
വിശക്കുന്നവന്റെ
ഒടുവിലത്തെ കരച്ചിൽ
ഒരു മതമായി വളരുന്നത്
നാം കാണുന്നു.
-----------------------------