Sunday, August 7, 2016

-ഒരേകാകിയുടെ ജീവ രേഖകൾ...

ഇന്നലെ സ്വപ്നത്തിൽ 
വീണ്ടും ഞാൻ നിന്നോട്  സംസാരിച്ചു.
മഴയെക്കുറിച്ചു,
പുഴയെക്കുറിച്ചു, 
പിന്നെ, 
പെയ്തു തീരാത്ത 
നമ്മുടെ പ്രണയത്തെക്കുറിച്ചു.
മഴയിൽ, പഴയ പ്രീ ഡിഗ്രി ക്‌ളാസ്സിലെ
ജാലകച്ചില്ലിൽ,
നീയുപേക്ഷിച്ചു പോയ നിന്റെ  നിശ്വാസങ്ങളിൽ 
നോക്കി നെടുവീർപ്പിട്ട നാളുകൾ,
ഞാൻ വീർപ്പുമുട്ടലോടെ ഇന്നും ഓർക്കുന്നു...
മഴ മാറി, മഞ്ഞുകാലമെത്തി....
ജാലകച്ചില്ലിൽ പറ്റിപ്പിടിച്ച
മഞ്ഞു കണങ്ങളിൽ 
ഞാൻ കോറിയിട്ട വരകളിൽ 
നിന്റെ രൂപം തെളിയുന്നതും നോക്കി 
നീയിരുപ്പുണ്ടെന്നു ഞാൻ അറിഞ്ഞില്ല..
മറഞ്ഞിരുന്ന എന്നെ നീ 
ഞാനറിയാതെ നിന്നിലേക്കടുപ്പിച്ചു...
നിന്റെ ആർദ്ര നയങ്ങളിൽ 
പെയ്തു തീരാനൊരു മഴക്കാലം കൂടി
ബാക്കിയുണ്ടായിരുന്നെന്നു 
അന്ന് ഞാനറിഞ്ഞു.
പിന്നിട്ട വഴികളിലെ കയ്പു നീരിന് 
ഉപ്പു നീരിന്റെ രുചി യുണ്ടെന്നു 
എന്റെ ചുണ്ടുകൾ എന്നോട് മന്ത്രിച്ചു. 
പിന്നീട്,
നിഴലായി നടന്നു നീങ്ങിയ നാളുകളിൽ
കാറ്റിൽ കവിതകൾ വിരിയിച്ചു....
കല്ലുകളിൽ വർണ്ണങ്ങൾ വാരി വിതറി....
എന്നിട്ടും....
എവിടെയാണ് നമുക്ക് പിഴച്ചത്.....
എപ്പോഴാണ് രണ്ടു തുരുത്തുകളിലേക്കു
നമ്മൾ എടുത്തെറിയപ്പെട്ടതു...!
കാലത്തിന്റെ വിരിമാറിൽ നിന്നും
അകന്നകന്നു പോകുന്ന രണ്ടു തുരുത്തുകളിൽ.....

No comments:

Post a Comment