Friday, October 26, 2018

രാസമാറ്റം - കവിത പരിചയം

ബിന്ദു ടിജി യുടെ 'ബാഷോ ബുക്സ്' പുറത്തിറക്കിയ കവിതാ സമാഹാരം 'രാസമാറ്റം' അവിചാരിതമായി വായിക്കാനിടയായി.
ഒരു തുടക്കക്കാരിയുടെ അപരിചിതത്വമൊന്നുമില്ലാതെ തന്നെ വായനക്കാരെ ആസ്വദിപ്പിക്കാന്‍ പോന്നതെല്ലാം കവിതയില്‍ ധാരാളമുണ്ട്....

കവിതകള്‍ പലപ്പോഴും നമ്മുടെ തന്നെ നേരനുഭവങ്ങളാകും...
ആകുലതകളും, വിഹ്വലതകളും, പ്രതികരണങ്ങളുമെല്ലാം ഏറ്റവുമെളുപ്പത്തില്‍ ബിംബങ്ങളിലൂടെ വരച്ചിടാനുതകുന്ന ഒരു മീഡിയമാണല്ലോ കവിത.....

'രാസമാറ്റം' എന്ന ഈ സമാഹാരത്തിലെ ചില കവിതകള്‍ അതി തീക്ഷ്ണങ്ങളാണ്.....
ആദ്യ കവിത തന്നെ അത്തരത്തില്‍ ഒന്നാണ്.
വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായത ഒരു പെണ്‍കിളിയുടെ രൂപത്തില്‍ ചില്ല തോറും അഭയം തേടി പറന്നു നടക്കുകയാണ്....
അവകാശങ്ങള്‍ അടര്‍ത്തിമാറ്റാനായി വെമ്പല്‍ കൊണ്ട് ചുറ്റുമുള്ളവരെല്ലാം കൂടിയിരിക്കുമ്പോള്‍ ഉടല്‍ ഉമ്മറത്തിണ്ണയിലേക്ക്  മടങ്ങിപ്പോവുകയാണ്‌.... ജീവന്‍ എവിടെയോ ഉപേക്ഷിച്ചു...!

പ്രവാസത്തിനോടുള്ള പ്രണയവും കവി "യാത്ര" എന്ന തന്‍റെ കവിതയില്‍ തിരിച്ചറിയുന്നു.
" എനിക്കിനി ആസക്തി
മരുഭൂമികളോടാണ്.
അവിടെ വെച്ചാണ്
എന്‍റെ വേരുകള്‍ കാതങ്ങളോളം
ജലരാശി തേടി വേദനയോടെ
മണ്ണിന്‍റെ സിരകളിലേക്കിറങ്ങിയതും,
പൊതിഞ്ഞുകാക്കാന്‍ ഈറന്‍ മണ്ണില്ലെങ്കിലും
മുളച്ചു പൊന്തുമെന്നു ഞാനറിഞ്ഞതും."
മരുഭൂമിയിലെ ഒരു പ്രവാസിയുടെ ചിന്തകളെ എത്രമേല്‍ തീവ്രതയോടെയാണ് കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ കവിയും ഒരു പ്രവാസി ആയതിനാലാകാം അതു.


കവിതകളില്‍ പ്രണയമുണ്ട്.... വിരഹവും, പ്രവാസവുമുണ്ട്.... ചുറ്റുപാടുകളുടെ ജീവിതമുണ്ട്.... വേദനകളുണ്ട്.... എന്തിനു ചിലപ്പോള്‍ കവി തന്നെ നേരിട്ട് വന്നു നമ്മോടു ചില കാര്യങ്ങള്‍ പറയുന്നുമുണ്ട്....
ഇതുപോലെ....
"നീ വായിക്കുന്നതിനു മുന്‍പ്
പല ഭാഷകളിലേക്ക് തര്‍ജ്ജമ
ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഞാന്‍..."

കവികള്‍ക്കെല്ലാം  പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍.... ഡിസംബറിനെക്കുറിച്ച് രണ്ടു വരി എങ്കിലും എഴുതാത്ത കവികള്‍ ഉണ്ടാകില്ല.... മഞ്ഞ് പൊഴിയുന്നതും.... പ്രണയം പൂക്കുന്നതും ഡിസംബറില്‍ തന്നെ.. ഇവിടെയും അങ്ങനെ തന്നെ....
"പ്രിയ ഡിസംബര്‍,
നിറം പഴുത്തു വീഴുന്ന നേരത്തും
മടിക്കാതെ നീയെന്‍റെ നെഞ്ചിലിങ്ങനെ
കുളിര്‍ ചേര്‍ത്തു വെക്കുന്നുവല്ലോ...!" എന്ന് ആശ്ചര്യപ്പെടുകയാണ് കവയിത്രി...

പെണ്ണെഴുത്തിനെ, പെണ്ണുങ്ങളോടുള്ള കാഴ്ചപ്പാടിനെ പച്ചയായി "ഒരാണ്‍ വായന" എന്ന കവിതയില്‍ കവി വിവരിക്കുന്നു....
'നിമ്നോന്നതങ്ങള്‍
നിറഞ്ഞ നിന്‍റെ
എഴുത്തിനെ,
എന്‍റെ വായനകള്‍ കൊണ്ട് ഞാന്‍
ആലിംഗനം ചെയ്യും..."
ആണിന്‍റെ കണ്ണില്‍ ഒരു പെണ്ണ് എന്നും എന്തായിരിക്കുമെന്ന കവി ഭാവന...

ദു:ഖവും കവിതകളാകുന്നു ചിലയിടത്ത്.... അതിന്‍റെ ചില്ലകളിലും പ്രാണന്‍ പൂവിടുന്നുണ്ട്.....

കാല്‍പ്പനിക കവിതകളിലൂടെ മുന്നോട്ടു പോകുന്നു എന്ന് പറഞ്ഞു സര്‍ കവിയെ സമകാലിക സംഭവങ്ങളിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നു...
അതാണ് തന്‍റെ "ഇറങ്ങിപ്പോകുന്ന വാക്കുകള്‍" എന്നാ കവിതയില്‍ കവി പറയുന്നത്.
"അച്ഛന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു.
പഴയതെല്ലാം മാറ്റി പുതിയതാക്കി.
നിലവിളക്ക്, ഓട്ടുരുളി...
പിന്നെ ഉച്ചത്തില്‍ ഒന്നലറി...
ഇവളോ....
പുതിയ വീട്ടില്‍ എനിക്ക് പുതിയ അമ്മ.
സാറ് കയ്യടിച്ചു...
ഇത് കാലത്തിനെ അതിജീവിക്കും...
സ്കൂളില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍
എന്‍റെ ഉള്ളിലൊരു ഭയം....
ഇനി അച്ഛനെങ്ങാനും അമ്മയെ.... !" കവിത കവിയെ തന്നെ ആകുലപ്പെടുത്തുന്നു അവസാനം...

വിരഹം വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്‌ "ജാലകത്തിനറിയാം" എന്ന കവിതയില്‍...
"...ഒടുവില്‍ നീ പോകുമ്പോള്‍,
വിരഹത്തെ വിരലുകൊണ്ട്
വരച്ചു തീര്‍ത്തു
എന്‍റെ നിശ്വാസം കൊണ്ട്
ഇരുട്ട് തീര്‍ക്കാന്‍..." വീര്‍പ്പുമുട്ടുകയാണ് കവി ഇവിടെ....

മരണത്തിനു മുന്‍പ് തള്ളിപ്പറഞ്ഞവര്‍ പോലും, മരണത്തിനു ശേഷം തന്‍റെ അപദാനങ്ങള്‍ പാടി നടക്കേണ്ടതില്ലെന്നും കവി നിര്‍ദേശിക്കുന്നുണ്ട്  "കവിയും ദൈവവും" എന്ന കവിതയില്‍....
"മരണത്നിനു ശേഷം
അവന്‍റെ കല്ലറയിലേക്ക്
ജന പ്രവാഹമായിരുന്നു...
...........................
അവന്‍റെ മരണ മൊഴി
അവിടെ രേഖപ്പെടുത്തിയിരുന്നു.
-എന്നെ ഇവിടെ തിരയണ്ട,
മരണത്തിനു ശേഷം വായിക്കപ്പെടാനും,
വാഴ്ത്തപ്പെടുവാനും ഞാന്‍ ഒരു കവിയല്ല" തന്‍റെ ചുറ്റുപാടുകളിലേക്ക് തുറന്നു വെക്കുന്ന ഒരു കണ്ണാടിയാണ് ഈ കവിത.

ഇത്തിള്‍ക്കണ്ണിയുടെ വേരുകളെ പ്രണയവേരിനോടുപമിച്ചു, ഇത്തിള്‍ക്കണ്ണികള്‍ മരത്തോടു  ചെയ്യുന്നതാണ്  പ്രണയത്തിലും എന്നാണു കവി വിവക്ഷ...
"ഇന്നുമുതല്‍ നീ കരുത്തിനെ
പടര്‍ന്നു കയറുന്ന
നിസ്സഹായതയല്ല.
എന്നെ ചുംബിച്ചുണര്‍ത്തുന്ന
പ്രണയ വേരുകള്‍ ആണ്.
പൊതിയുക, നീയെന്‍റെ
വിണ്ടു കീറിയ
ഉടലിനെയാകമാനം.....
നീരുള്ള പച്ചപ്പിനാല്‍
പടര്‍ന്നു പുണരുക നീയെന്‍
നഗ്നമേനിയെ..."
ഇത് പരമ്പരാഗത നുഴഞ്ഞു കയറ്റമല്ല... പകരം പ്രണയവേരുള്ള അതിജീവനത്തിന്‍റെ പച്ചിലക്കയറ്റങ്ങള്‍ ആണ് എന്ന് പറയുന്നു.

സദാചാരത്തിന്‍റെ കടന്നു കയറ്റമാണോ " തനിച്ചാകുന്നവര്‍" എന്ന കവിതയില്‍..!
"ഏതു സദാചാരമാണ്
നിന്‍റെ സംഗീതമുള്ള ചിറകുകള്‍
അറുത്തെടുത്തത്..?
എന്നെയും നിന്നെയും
തനിച്ചാക്കിയത്...!"

ഒന്നുമാല്ലാതിരുന്നപ്പോള്‍ ആര്‍ക്കുമെന്നെ വേണ്ടായിരുന്നു. ഇന്ന്, എനിക്കെല്ലാമുണ്ടായപ്പോള്‍ എല്ലാവരും എന്നെ തേടി വന്നു. യാഥാര്‍ത്ഥ്യമായ ഒരു "പരിണാമം" ആണ് ഈ കവിതയില്‍....

"ഈ തണുത്ത നിലാവിലൊന്നു മുങ്ങിത്താഴ്ന്നാലോ,
കുളിരുവോളം കോരി കുടിക്കാം..."
ഹോ... എന്ത് മനോഹരം.... നിലാവും, കുളിരുമൊക്കെ കവി ഭാവനയില്‍.... നമുക്കും കോരികുടിക്കാന്‍ തോന്നുന്ന പോലെ....
"കാറ്റും, മഴയും, വെയിലും ഇല്ലാത്തിടത്ത് ഇരുന്നു-
കാലിഡോസ്കോപ്പിലൂടെ മഴവില്ല് കാണാം,
പ്രണയം ചത്തുറങ്ങുമ്പോള്‍
പതിഞ്ഞ ശബ്ദത്തില്‍
മേഘമല്‍ഹാര്‍ കേള്‍ക്കാം...! "
(സഹയാത്രികന്‍)
പ്രണയം എത്രമേല്‍ ഹൃദ്യം അല്ലെ....!! നമ്മളും പ്രണയിച്ചു പോകുമോ, കവിത വായിച്ചു തീരുമ്പോഴേക്കും...!!

"പകല്‍ മുഴുവന്‍ മിഴിയടച്ച്‌
ഞാന്‍ ഇരുട്ടിനെ ധ്യാനിച്ചു.
രാത്രി തന്ന കറുപ്പ് കുടിച്ച്
വിരിഞ്ഞു വെളുത്തു.
ഞാന്‍ നിശാഗന്ധിയായി...
അതു വരെ അറച്ചു നിന്ന നിലാവ്
എന്നെ പുണര്‍ന്നു ചുംബിച്ചു..."  വര്‍ണ്ണ  വെറിയുടെ മറ്റൊരു ഭാവം നിലാവിനോടും, പൂവിനോടും ഉപമിച്ചു കവി വിവരിക്കുകയാണ് "നിറംമാറ്റം" എന്ന കവിതയില്‍....

"കനല്‍ വഴികള്‍" പൊള്ളുന്നവയാണ്....
"കരയില്‍
സൃഷ്ടിക്കുന്ന ഭൂകമ്പങ്ങള്‍
അകക്കടലില്‍ സുനാമിയായി
മാറുന്ന ചില നിമിഷങ്ങളുണ്ട്‌.
അപ്പോഴാണ്
ഉന്മാദത്തിരകള്‍ ഉത്ഭവിക്കുക.
അന്നേരം തന്നെ
തിന്നു തീര്‍ക്കുന്ന
തീത്തിരകള്‍ തേടി
സ്വയം ചിലര്‍ നടന്നു പോകും..." അതെ കനല്‍ വഴികള്‍ അതി തീക്ഷ്ണം തന്നെ അല്ലെ...!

പ്രിയ കവേ, നിനക്ക് നന്ദി.... മനോഹരമായ ഒരു വായനാനുഭവം സമ്മാനിച്ചതിനു...
ജീവിതത്തിന്‍റെ കനല്‍ക്കാഴ്ച്ചകള്‍ കാണിച്ചു തന്നതിന്....
പ്രണയത്തിന്‍റെ തെളിനീരുറവകള്‍ വറ്റുന്നില്ലെന്നു പറഞ്ഞതിന്....
വിരഹം കയ്പ്പുനീരല്ലെന്നു രുചിപ്പിച്ചതിനു....

വായന മരിക്കുന്നില്ലല്ലോ...
എല്ലാ നന്മകളും, ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ട്....
അതി സൂക്ഷ്മ കവിതകള്‍ വീണ്ടും  പ്രതീക്ഷിച്ചു കൊണ്ട് .....

Basho Books, കോഴിക്കോട്. ആണ് പ്രസാധകര്‍.
വില 80 രൂപ.










No comments:

Post a Comment