Friday, December 19, 2014

“മീനുകളുടെ ആകാശവും, പറവകുളുടെ ഭൂമിയും” by ‘അര്ഷാളദ് ബത്തേരി"

“മീനുകളുടെ ആകാശവും, പറവകുളുടെ ഭൂമിയും” പ്രിയ കഥാകൃത്ത്‌ ‘അര്‍ഷാദ് ബത്തേരിയുടെ’ പുതിയ കഥാസമാഹാരം ഒരൊഴുക്കില്‍ വായിച്ചു തീര്‍ന്നു... ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്ന എട്ടു കഥകള്‍...
ഫിക്ഷന്‍റെ അതി പ്രസരങ്ങള്‍ ഇല്ലാതെ, തികച്ചും ലളിതമായി വിവരിച്ചിരിക്കുന്ന കഥകള്‍... ഇന്നത്തെ ജീവിതവുമായും, ജീവിത രീതികളുമായും അടുത്ത് നില്‍ക്കുന്ന, സാമൂഹിക വിപത്തുകളെ ചോദ്യം ചെയ്യുന്ന, കുറ്റപ്പെടുതുന്ന, സമൂഹത്തിനു പുത്തന്‍ സന്ദേശങ്ങള്‍ നല്‍കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള കഥകള്‍....
ഈ സമാഹാരത്തിലെ ഒരൊ കഥകളും വായനക്കാരനോട് തന്നെയുള്ള ചോദ്യങ്ങളാണ്...
“മീനുകളുടെ ആകാശവും, പറവകുളുടെ ഭൂമിയും”, കഥാകൃത്ത്‌ തൊട്ടയല്‍പക്കത്തുള്ള രണ്ടു കുട്ടികളിലൂടെ കൂട്ടിലടച്ചു വളര്‍ത്തുന്ന പക്ഷികളെയും, മീനുകളെയും അവരുടെതായ ലോകത്തേക്ക് തുറന്നു വിട്ടു സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം വായനക്കാരനില്‍ എത്തിക്കുന്നു. ഒപ്പം തന്നെ നമ്മുടെ കുളങ്ങളും, തോടുകളും, അരുവികളും, പുഴകളും വറ്റി വരണ്ടുണങ്ങിയ ഭീകരമായ അവസ്ഥയും വരച്ചുകാട്ടുന്നു....മീനുകളെ ഒഴുക്കാന്‍ പുഴതേടി ഓടിയ ജാന്ട്രിയും, ഉത്തമനും കുണ്ടും കുഴികളും നിറഞ്ഞ മൈതാനം പോലെ മരിച്ചു കിടക്കുന്ന പുഴ കണ്ടു കരഞ്ഞു വിളിക്കുന്നു.... “പുഴകളെ..... പുഴകളെ.... നിങ്ങളെവിടെ....!!
            സ്വാര്‍ഥരായ മനുഷ്യരെ ഉത്കണ്ടയോടെ നോക്കികാണുന്ന കഥാകൃത്തിന്റെ മറ്റൊരു കഥയാണ് “മനുഷ്യന്‍ എന്ന വൈറസ്‌”. ഇത് രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കളും, അവര്‍ക്കിടയില്‍ നടന്ന സംഭവങ്ങളും പറയുന്നു.
            പ്രതീക്ഷകളോടെ ലോട്ടറി ടിക്കെറ്റുകള്‍ മാത്രം എടുത്തുകൊണ്ടിരിക്കുന്ന ഒരു കുടുംബ നാഥന്‍ കാരണം, ആ കുടുംബത്തിന്‍റെ ഭാരം മൊത്തം ചുമക്കാന്‍ ഒരു സെയില്‍സ് ഗേള്‍ ആകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന “വിരല്‍ത്തുമ്പിലെ നക്ഷത്രങ്ങള്‍”, ഒരു സെയില്‍സ് ഗേളിന്‍റെ ജോലി സ്ഥലത്തെ ചൂഷണവും നിസ്സഹായതയും കൂടെ എടുത്തു കാട്ടുന്നു.
            മരിച്ചതിനു ശേഷവും അപ്രതീക്ഷിതമായി ഭൂമിയിലെ ജീവിതം തുടരേണ്ടി വന്ന ഒരു ഹത ഭാഗ്യന്‍റെ കഥ പറയുന്ന “ഭൂതകാലത്തെ ഡയറി”, സമൂഹത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നു. നല്ലവരെന്നു സമൂഹം വിചാരിക്കുന്ന പലരുടെയും യഥാര്‍ത്ഥ മുഖം കണ്ടു കഥാകൃത്ത്‌ ഞെട്ടുന്നു. സ്വന്തം വീട്ടിലേക്കു പോകാന്‍ പോലും ഭയക്കുന്നു, അവരെല്ലാം തന്നെ മറന്നു പോയിക്കാണുമോ എന്ന ഭീതിയില്‍... “വീട് മറന്നുപോയ, ഒഴിവാക്കപ്പെട്ട ഒരു മനുഷ്യന് പിന്നെ എവിടെയാണൊരിടം എന്ന് നെടുവീര്‍പ്പിടുന്നു”
            ഫെയിസ് ബുക്കിന്‍റെ കടന്നുകയറ്റം മാറ്റി മറിക്കുന്ന ജീവിതാവസ്ഥകള്‍, “കുതിരക്കാലുകള്‍” എന്നാ കഥയിലൂടെ കഥാകൃത്ത്‌ മനോഹരമാക്കിയിരിക്കുന്നു.... ഒരച്ഛനും മകനും, അവര്‍ക്കിടയിലേക്ക് ചാറ്റിംങ്ങിലൂടെ കടന്നു വരുന്ന വിലാസിനി എന്ന സ്ത്രീയും....
അങ്ങനെയങ്ങനെ മനോഹരമായ എട്ടു കഥകളുടെ ഒരു സമാഹാരം....
നന്ദി പ്രിയ സ്നേഹിതന്... ഒരു നല്ല വായനാനുഭവം തന്നതിന്.... ഒപ്പം മനുഷ്യ മനസ്സിന്‍റെ നന്മകള്‍ തിരിച്ചറിഞ്ഞു ജീവിക്കാന്‍ പ്രാപ്തമാക്കുന്ന കഥകള്‍ സമ്മാനിച്ചതിന്........
എല്ലാ വിധ ഭാവുകങ്ങളും.....
ഒത്തിരി സ്നേഹത്തോടെ
പ്രദീഷ് ബസ്ര,

No comments:

Post a Comment